‘വമ്ബൻ അഴിമതി, ബാറുടമകളില്‍ നിന്ന് വാങ്ങിയത് 25 കോടി’; മന്ത്രി എംബി രാജേഷ് രാജിവയ്ക്കണമെന്ന് കെ സുധാകരൻ

ബാറുടമകളില്‍ നിന്ന് 25 കോടി വാങ്ങി വൻ അഴിമതി നടത്തിയാണ് പുതിയ മദ്യനയം നടപ്പിലാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
എക്സൈസ് മന്ത്രി എംബി രാജേഷ് രാജി വയ്ക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 900 ബാറുകളില്‍ നിന്ന് രണ്ടര ലക്ഷം രൂപ വച്ചാണ് ഇപ്പോള്‍ പിരിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
”തിരഞ്ഞെടുപ്പിന് മുമ്ബും വലിയൊരു തുക സമാഹരിച്ചതായി കേള്‍ക്കുന്നുണ്ട്. കുടിശികയാണ് ഇപ്പോള്‍ പിരിക്കുന്നത്. ഐടി പാർക്കുകളില്‍ മദ്യം വില്‍ക്കുക, ബാർ സമയപരിധി കൂട്ടുക, ഡ്രൈഡേ പിൻവലിക്കുക തുടങ്ങി ബാറുടമകള്‍ക്ക് ശതകോടികള്‍ ലാഭം കിട്ടുന്ന നടപടികള്‍ക്കാണ് നീക്കം. മുഖ്യമന്ത്രിയുടെ പുതിയ മദ്യനയം കേരളത്തെ മദ്യത്തില്‍ മുക്കും. ഐടി പാർക്കുകളില്‍ ജോലി ചെയ്യുന്ന യുവതലമുറയെ മദ്യത്തിലേക്ക് വലിച്ചെറിയുന്ന ഏറ്റവും ഭയാനകമയ തീരുമാനമാണിത്. അവരുടെ ജീവനും ജീവിതവുമാണ് പിണറായി വിജയൻ നശിപ്പിക്കുന്നത്.
കേരളത്തെ മദ്യവും മയക്കുമരുന്നും വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഒരു ദിവസമെങ്കിലും മദ്യമില്ലാതിരിക്കണം എന്ന ആശയമാണ് ഒന്നാം തീയതിയിലെ ഡ്രൈ ഡേയ്ക്ക് പിന്നില്‍. കേരളത്തെ മദ്യവിമുക്തമാക്കുമെന്ന വാഗ്ദാനം നല്‍കിയാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. അതെല്ലാം കോഴയ്ക്ക് വേണ്ടി പിണറായി വെള്ളത്തില്‍ മുക്കി.
ബാറുകള്‍ തുറക്കാൻ ധനമന്ത്രിയായിരുന്ന കെഎം മാണി ഒരു കോടി രൂപ വാങ്ങിയെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മാണിക്കെതിരെ ഇടതുപക്ഷത്തിന്റെ വലിയ പ്രക്ഷോഭം ഉണ്ടായത്. അന്ന് കെഎം മാണിക്ക് രാജി വയ്ക്കേണ്ടി വന്നു. ഇപ്പോഴത്തേത് 25 കോടിയുടെ ഇടപാടാണ്. എക്സൈസ് മന്ത്രിയുടെ രാജി ഉടനടി ഉണ്ടാകണം ഉണ്ടാകണമെന്നും” സുധാകരൻ പറഞ്ഞു.