‘വിവാദത്തിന് താത്പര്യമില്ല’; ചന്ദ്രിക ക്യാംപെയ്ന് ഉദ്ഘാടനത്തില്‍ നിന്ന് പിന്മാറി ജി സുധാകരന്
മുസ്ലീം ലീഗ് പത്രമായ ചന്ദ്രിക ക്യാംപെയ്നിന്റെ ഉദ്ഘാടനത്തില്‍ നിന്ന് പിന്മാറി സിപിഎം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്. വിവാദത്തിന് താത്പര്യമില്ലെന്ന് വീട്ടിലെത്തിയ ലീഗ് നേതാക്കളെ ജി സുധാകരന് അറിയികുകയും ചെയ്തു. ഇന്ന് രാവിലെ പത്രത്തിന്റെ ക്യാംപെയ്ന് ഉദ്ഘാടനം ജി സുധാകരന്റെ വീട്ടില്‍ വച്ച് നടത്താനായിരുന്നു തീരുമാനം.
ഉദ്ഘാടനം മാറ്റാന്‍ സുധാകരന് ആവശ്യപ്പെട്ടതായി മുസ്ലീം ലീഗ് ആലപ്പുഴ ജില്ല പ്രസിഡന്റ് അറിയിച്ചു. ജി സുധാകരന്റെ സൗകര്യം നോക്കി മറ്റൊരു ദിവസം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേവലം സിപിഎം നേതാവ് എന്ന നിലയ്ക്കല്ല. അദ്ദേഹം എംഎല്‍എയും മന്ത്രിയുമായിരിക്കുമ്പോള്‍ എല്ലാവര്ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. കഴിഞ്ഞ വര്‍ഷവും സുധാകരനായിരുന്നു ഉദ്ഘാടനം ചെയ്തത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍നിന്നു മുന്‍ മന്ത്രി ജി.സുധാകരനെ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. ഉദ്ഘാടന സമ്മേളനത്തിലേക്കും പൊതുസമ്മേളനത്തിലക്കും ജി.സുധാകരന് ക്ഷണിച്ചിരുന്നില്ല. എന്നാൽ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിന്റെ മറുപടി.