പത്മരാജൻ ശിക്ഷിക്കപ്പെട്ടാൽ പാലത്തായിയിലെ കുഞ്ഞിന് നീതി ലഭിക്കുമോ?? കേസ് അട്ടിമറിക്കാൻ കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കും ശിക്ഷ കിട്ടേണ്ടേ??
കേരളാ പൊലീസിന്റെ ഭാഗത്ത് നിന്നുള്ള നിരവധി അട്ടിമറി ശ്രമങ്ങളെ അതിജീവിച്ചാണ് പാലത്തായി കേസിൽ ഇപ്പോൾ ഇരയ്ക്ക് നീതി കിട്ടിയിരിക്കുന്നത്. ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.പത്മരാജനെ സംരക്ഷിക്കുന്ന നിലപാടാണ് പലസമയങ്ങളിലും പൊലീസ് സ്വീകരിച്ചത്. ബിജെപി നേതാവായ പ്രതിയെ പൊലീസ് പലഘട്ടങ്ങളിലും രക്ഷിക്കാൻ ശ്രമിച്ചു. എസ്എച്ച്ഒ മുതൽ ക്രൈം ബ്രാഞ്ച് ഐജിവരെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു എന്നാണ് ആരോപണം.
പത്മരാജൻ പീഡിപ്പിച്ചതായി പെൺകുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയത് 2020 മാർച്ച് 17നാണ്. എന്നാൽ പീഡനത്തിൻറെ തിയതി ഓർമയില്ലെന്ന് പെൺകുട്ടി പറഞ്ഞതോടെ കേസ് അട്ടിമറിക്കാനുള്ള നീക്കം പൊലീസിൽ ഒരു വിഭാഗം ആരംഭിച്ചിരുന്നു.
പൊലീസിലെ സംഘപരിവാർ സ്വാധീനമാണ് പിന്നീട് കണ്ടത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത പാനൂർ എസ്എച്ച്ഒ ടി.പി ശ്രീജിത്ത് ആണ് പ്രതിക്ക് അനുകൂലമായി ആദ്യം ഇടപെടൽ നടത്തിയത് എന്ന് പറയുന്നു.
പ്രതി പത്മരാജൻ സ്കൂളിൽ ലീവായിരുന്ന ദിവസം പീഡന തീയതിയാക്കി എഫ്ഐആറിൽ രേഖപ്പെടുത്തി. പൊലീസ് പറഞ്ഞ തീയതിയാണ് പീന്നീട് കുട്ടി കൗൺസലർമാരോടും ഡോക്ടറോടും നൽകിയ മൊഴിയിൽ ഉള്ളത്.
പെൺ കുട്ടിയുടെ രഹസ്യമൊഴി, കേസന്വേഷണത്തിന് അന്ന് മേൽനോട്ടം വഹിച്ച ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്ത് വെളിപ്പെടുത്തിയതും വിവാദമായി മാറിയിരുന്നു. എസ്.ശ്രീജിത്തിന്റെ ഫോൺ സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു.
ഈ കേസിനെ കുറിച്ച് ചോദികൊണ്ട് വിളിച്ച ആളോട് നിങ്ങൾ കേസിനെ കുറിച്ച് പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാണ് ശ്രീജിത്ത് സംസാരിച്ച് തുടങ്ങുന്നത്. രഹസ്യമൊഴിയിൽ പറഞ്ഞ തിയതി പരാമർശിച്ച്, സംഭവം നടക്കുമ്പോൾ പത്മരാജൻ നാട്ടിലില്ലെന്ന് ശ്രീജിത്ത് ന്യായീകരിക്കാനും ശ്രമിച്ചു.
2020 ഒക്ടോബര്‍ 20നാണ് പാലത്തായി പീഡന കേസില്‍ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മ നല്കിയ ഹരജിയിലാണ് ഉത്തരവ്.
പഴയ അന്വേഷണ സംഘത്തിലെ ആരും പുതിയ അന്വേഷണ സംഘത്തില്‍ വേണ്ടെന്നും കോടതി പറഞ്ഞു. പ്രതിക്കെതിരെ പോക്സോ ചുമത്തി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.കെ രത്നാകരനാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്.
കേരളരാഷ്ട്രീയത്തില്‍ ഏറെ വിവാദമായ പാലത്തായി പീഡനക്കേസില്‍ പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കെ പദ്മരാജന് ആജീവനാന്തം ജയില്‍ശിക്ഷയാണ് ഒടുവിൽ കോടതി വിധിച്ചിരിക്കുന്നത്.
10 വയസ്സുള്ള വിദ്യാർത്ഥിനിയെ ശുചിമുറിയില്‍വെച്ച് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചൊരു കേസ് കൂടിയായിരുന്നു പാലത്തായി. കേസ്, 2020-ല്‍ ആരംഭിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കോടതി ശിക്ഷ വിധിക്കുന്നത്.
സ്കൂള്‍ ടോയ്ലറ്റിലും പെണ്‍കുട്ടിയെ കൊണ്ടുപോയ ഒരു വീട്ടിലും നടന്ന പീഡനങ്ങള്‍ക്ക് സാക്ഷികളും മെഡിക്കല്‍ തെളിവുകളും കണ്ടെത്തിയത് നിര്‍ണായകമായി മാറി. പ്രതി തൃപ്പാങ്ങോട്ടൂര് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, സംഘപരിവാര്‍ അനുബന്ധ സംഘടനയായ നാഷണല്‍ ടീച്ചേഴ്സ് യൂണിയന് ജില്ലാ നേതാവ് എന്നീ നിലകളിലും അറിയപ്പെട്ടിരുന്നതിനാല്‍ കേസ് ഏറെ വിവാദമായി മാറുകയും ചെയ്തു.
കേസിന്റെ തുടക്കത്തിൽ തന്നെ പോലീസ് പറഞ്ഞത് പരാതി വ്യാജമാണ് എന്നാണ്. പിന്നീട് നടന്ന സമരപരമ്പരകളുടെ സമ്മര്‍ദ്ദഫലമാണ് പ്രതി അറസ്റ്റിലാകുന്നതും നിര്‍ണായക തെളിവുകള്‍ കണ്ടെത്തുന്നതും.
പോക്സോ ആക്ടിന്റെ ചാര്‍ജുകള്‍ ചുമത്തിയെങ്കിലും, ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് കൈമാറിയ ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു . 90 ദിവസത്തെ അന്വേഷണത്തിന് ശേഷം സമര്‍പ്പിച്ച ചാര്‍ജ്ഷീറ്റില്‍ പോക്സോ വകുപ്പുകള്‍ ഒഴിവാക്കി, ഐപിസി വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടും മാത്രം ഉള്‍പ്പെടുത്തി. ഇത് പ്രതിക്ക് ജാമ്യം കിട്ടാൻ കാരണവുമായി.
കേസ് വിവാദമായപ്പോള്‍ സമരപരമ്പരകള്‍ അരങ്ങേറി. സ്ത്രീ സംഘടനകളും എഴുത്തുകാരും സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിനിറങ്ങി. ഈ സമരങ്ങള്‍ അന്വേഷണ ടീമുകളുടെ മാറ്റത്തിന് കാരണമായി. അതോടെ ഐജി ശ്രീജിത്തിനെ നീക്കി പുതിയ എസ്ഐടി രൂപീകരിച്ചു.
എഡിജിപി ഇ.ജെ. ജയരാജനും ഡിവൈഎസ്പി ടി.കെ. രത്നകുമാറും നയിച്ച ടീം പീഡനം സംഭവിച്ച സ്കൂള്‍ റെസ്റ്റ്റ്റൂമില് നിന്ന് രക്തത്തിന്റെ തെളിവുകള്‍ കണ്ടെത്തി. പോക്സോ ആക്ടിന്റെ സെക്ഷന്‍ 5, 6 ഉള്‍പ്പെടെ, ഐപിസി സെക്ഷന്‍ 376 എന്നിവ ചുമത്തി. കുട്ടിയുടെ സ്വകാര്യാ അവയവങ്ങളിലെ പരിക്കുകളും ചികിത്സാ റിപ്പോര്‍ട്ടുകളും പ്രധാന തെളിവുകളായി.
വിചാരണയ്ക്കൊടുവില് നവംബര്‍ 14-ന് ജഡ്ജി എം.ടി. ജലജ റാണി പദ്മരാജനെ കുറ്റക്കാരനെന്ന് വിധിച്ചു.
എന്നാൽ ഈ കേസിൽ പദ്മരാജനെ മാത്രം ശിക്ഷിച്ചാൽ ഇരയായ കുഞ്ഞുമകൾക്ക് പൂർണ്ണമായും നീതി കിട്ടില്ലെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ.
തെളിവ് നശിപ്പിക്കാൻ വേണ്ടി, സ്കൂൾ അറ്റെൻഡൻസ് രെജിസ്റ്റർ തിരുത്തിയ പ്രധാന അധ്യാപകനും, ആദ്യ ഘട്ടത്തിൽ കേസന്വേഷണം അട്ടിമറിച്ച ലോക്കൽ പോലീസും, കള്ളമൊഴി എഴുതിപ്പിടിപ്പിച്ച അന്നത്തെ I G ശ്രീജിത്ത് IPS ഉം പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച മുഴുവൻ രാഷ്ട്രീയ നേതാക്കളും പ്രതിസ്ഥാനത്ത് വരണമെന്നാണ് പലരും പറയുന്നത്.
പെൺ കുട്ടിയുടെ രഹസ്യമൊഴി, കേസന്വേഷണത്തിന് അന്ന് മേൽനോട്ടം വഹിച്ച ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്ത് വെളിപ്പെടുത്തിയ സംഭവത്തെ ഏറെ വിവാദമായിരുന്നു. എസ്.ശ്രീജിത്തിന്റെ ഫോൺ സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. ഈ കേസ് തേച്ചു മാച്ചുകളയാൻ ശ്രമിച്ച ADGP ശ്രീജിത്ത് IPS നെതിരെയെങ്കിലും ശിക്ഷ വേണമായിരുന്നു എന്നാണ് പൊതുവെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പരാതികൾ.












