താൻ പറഞ്ഞത് തെറ്റാണെങ്കില്‍ എന്തുകൊണ്ട് എഡിഎം മിണ്ടിയില്ല: പി.പി. ദിവ്യ കോടതിയില്‍

അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നയാളാണ് താനെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി. ദിവ്യ. എഡിഎം നവീൻ ബാബുവിനെ കുറിച്ച് പറഞ്ഞത് തെറ്റാണെങ്കില്‍ അദ്ദേഹം എന്തുകൊണ്ട് മിണ്ടിയില്ല. അത്ര വിശുദ്ധനെങ്കില്‍ ഇടപെടാമായിരുന്നുവെന്നും മുൻകൂർ ജാമ്യം പരിഗണിക്കുന്നതിനിടെ ദിവ്യ കോടതിയില്‍ വാദിച്ചു.
എഡിഎമ്മിന്റെ മരണത്തില്‍ പ്രതിചേർക്കപ്പെട്ടതോടെയാണ് ദിവ്യ തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്. ഉത്തരവാദിത്തങ്ങള്‍ ഏറെയുള്ള പൊതുപ്രവർത്തകയാണ് താൻ. ആരോപണം ഉയർന്നപ്പോള്‍ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ആരോപണങ്ങളില്‍ പലതും കെട്ടുകഥയാണെന്നും ദിവ്യയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കെ. വിശ്വൻ വാദിച്ചു.
അഴിമതിക്കെതിരായ പ്രചാരണത്തിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ ജനങ്ങള്‍ പരാതി പറയാറുണ്ട്. എഡിഎമ്മിനെതിരെ രണ്ട് പരാതി ലഭിച്ചിരുന്നു. പരാതി കിട്ടിയാല്‍ മിണ്ടാതിരിക്കണോ ?. അഴിമതിക്കെതിരെ ഇടപെടേണ്ടത് പൊതുപ്രവർത്തകയുടെ ഉത്തരവാദിത്വമാണ്.
അഴിമതിക്കെതിരായ സന്ദേശമെന്ന നിലയിലാണ് പരസ്യ പ്രതികരണം നടത്തിയത്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്താൻ രാഷ്ട്രീയ സമ്മർദം കാരണമാകരുത്. താൻ മാധ്യമ വേട്ടയുടെ ഇരയാണെന്നും ദിവ്യ കോടതിയില്‍ വാദിച്ചു. കളക്ടർ അനൗപചരികമായി എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചു. യാത്രയയപ്പ് ഉണ്ട്, അതില്‍ ഉണ്ടാകില്ലേയെന്ന് ചോദിച്ചു. കളക്ടറെ ഫോണില്‍ വിളിച്ച് യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെന്നും ദിവ്യ കോടതിയെ അറിയിച്ചു.
ചടങ്ങില്‍ അഴിമതിക്കെതിരെ മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് സംസാരിച്ചത്. അത് ആത്മഹത്യയിലേക്ക് നയിക്കുന്നതല്ല. ദിവ്യയുടെ പ്രസംഗവും അഭിഭാഷകൻ കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു.