അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവെച്ചു

ചാലക്കുടി അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയെ മയക്കുവെടിവെച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്തിയ ശേഷമാണ് വെടിവെച്ചത്. ആനയുടെ ആരോഗ്യത്തില്‍ ആശങ്ക ഉള്ളത് കൊണ്ടാണ് പെട്ടെന്ന് തന്നെ മയക്കുവെടി വെച്ചത്. ഇനി കുങ്കിയാനകളുടെ സഹായത്തോടെ കൊമ്പനെ ലോറിയില്‍ കയറ്റി കോടനാടുള്ള ആനക്കൂട്ടിലേക്ക് കൊണ്ടുപോകും. അവിടെയെത്തിച്ച ശേഷം കൊമ്പന് ആവശ്യമായ ചികിത്സ നല്‍കും.
വെറ്റിലപ്പാറയ്ക്ക് സമീപം എണ്ണപ്പനത്തോട്ടത്തിന് അരികില്‍ ഇന്ന് രാവിലെയാണ് കൊമ്പനെ കണ്ടെത്തിയത്. മുറിവേറ്റ കൊമ്പന്റെ അരികില്‍ മറ്റൊരു ആന കൂടി ഉണ്ടായത് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ആനയുടെ ആരോഗ്യത്തില്‍ ആശങ്ക ഉള്ളത് കൊണ്ട് വെല്ലുവിളി ഏറ്റെടുത്ത് പെട്ടെന്ന് തന്നെ മയക്കുവെടിവെയ്ക്കുകയായിരുന്നു.