കെ.എസ്.ആര്.ടി.സി ചെലവ് ചുരുക്കല്‍ എങ്ങിനെയെന്ന് രണ്ടാഴ്ചകൊണ്ട് എല്ലാവര്ക്കും മനസ്സിലാകും -കെ.ബി. ഗണേഷ് കുമാര്‍
കെ.എസ്.ആര്.ടി.സിയെ ലാഭത്തിലാക്കല്‍ നടക്കുന്ന കാര്യമല്ലെന്നും എന്നാല്‍, നഷ്ടം കുറക്കാനും ചെലവ് ചുരുക്കാനും കഴിയുമെന്നും പുതിയ ഗതാഗത മന്ത്രിയും നടനുമായ കെ.ബി.
ഗണേഷ് കുമാര്‍. താഴെതട്ടില്‍ വരെ താൻ എങ്ങിനെയാണ് ചെലവ് ചുരുക്കുകയെന്ന് രണ്ടാഴ്ച കൊണ്ട് എല്ലാവര്ക്കും മനസ്സിലാകുമെന്നും മീഡിയവണിന് നല്കിയ അഭിമുഖത്തില്‍ ഗണേഷ് കുമാര്‍ പറഞ്ഞു.
ഒരുപാട് കടം വാങ്ങി അശാസ്ത്രീയമായി ഉപയോഗിച്ചതും പാഴ്ചിലവുകളുമാണ് കെ.എസ്.ആര്.ടി.സിയെ നശിപ്പിച്ചത്. സ്പെയര്‍ പാര്‍ട്സുകള്‍ ലോക്കല്‍ പര്‍ച്ചേസ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നഷ്ടം സംഭവിക്കുന്നുണ്ട്. അവിടെ അഴിമതിക്കും സാധ്യതയുണ്ട്. ഇതിന് കമീഷൻ വാങ്ങുന്ന ആശാൻമാരുണ്ട്. കെ.എസ്.ആര്.ടി.സി ജീവനക്കാരുമായും പെൻഷനേഴ്സുമായും സ്വകാര്യബസ് ഉടമകളുമായും ഒക്കെ സംസാരിക്കും. അനാവശ്യമായി പ്രവര്‍ത്തിക്കുന്ന ലൈറ്റും ഫാനും ഓഫാക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇടപെടല്‍ വേണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.