ജെയ്ക്കോ ചാണ്ടി ഉമ്മനോ? പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്
പുതുപ്പള്ളിയില്‍ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ ഇന്ന് അറിയാം. ഇരു മുന്നണികളും വിജയപ്രതീക്ഷയിലാണ്. ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ രാവിലെ 9 മണിയോടെ ലഭിച്ചു തുടങ്ങും.
വോട്ടെണ്ണല്‍ രാവിലെ എട്ടു മണിക്ക് ആരംഭിക്കും. കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ ട്രെൻഡ് വ്യക്തമാകും. രാവിലെ 10 മണിയോടെ ഫലം അറിയാനാകുമെന്നാണ് കരുതുന്നത്.
യുഡിഎഫിനായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും എല്‍ഡിഎഫിനായി ജെയ്ക് സി തോമസും എൻഡിഎക്കു വേണ്ടി ജി ലിജിൻ ലാലുമാണു മത്സരിക്കുന്നത്. അയര്‍ക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ തന്നെ കൃത്യമായ ഫലസൂചന കിട്ടും. കടുത്ത മത്സരം നടന്ന 2021ല്‍ പോലും ഉമ്മൻ ചാണ്ടിക്ക് 1293 വോട്ടിൻറെ ഭൂരിപക്ഷം അയര്‍ക്കുന്നത്ത് കിട്ടിയിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യുഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. ലീഡ് 2000ല്‍ താഴെ പിടിച്ചുനിര്‍ത്താനാവുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.
പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണര്‍കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും എണ്ണും. 13 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും.