എല്ലാം ബിജെപിയുടെ തലയില്‍ വെക്കാന്‍ പറ്റുമോ? പാലക്കാട് കൊലയ്ക്ക് പിന്നില്‍ സിപിഎമ്മെന്ന് കെ സുധാകരന്
പാലക്കാട് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി അനുകൂല പ്രസ്താവനയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മുകാരാണെന്ന് സുധാകരന് പറഞ്ഞു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എല്ലാം ബി.ജെ.പിയുടെ തലയില്‍ വെക്കാന്‍ കഴിയുമോയെന്നും സുധാകരന് ചോദിച്ചു.
ഇത് സിപിഎം ആണെന്ന കാര്യത്തില്‍ സുതാര്യത വന്നുകൊണ്ടിരിക്കുകയാണ്. ആരോപണം വരുന്നു എന്ന് മാത്രമല്ല അത് നടത്തുന്നത് സി.പി.എമ്മിന്റെ സ്ട്രോങ് പ്രവര്‍ത്തകരാണ്. പാര്‍ട്ടിയുമായി ബന്ധമില്ല, അവര്‍ നേരത്തെ പാര്‍ട്ടി വിട്ടവരാണ് എന്ന് സി.പി.എം. പറയുമ്പോള്‍ അത് തിരുത്തുന്നത് സി.പി.എമ്മുകാര്‍ തന്നെയാണെന്നും സുധാകരന് പറഞ്ഞു.
കൊലയ്ക്ക് പിന്നില്‍ മുന്‍ സിപിഎം പ്രവര്‍ത്തകരാണെന്നും ആക്രമി സംഘത്തിലുണ്ടായിരുന്നത് ബിജെപി പ്രവര്‍ത്തകരാണെന്നും കൊല്ലപ്പെട്ട ഷാജഹാന്റെ സുഹൃത്തും സിപിഎം പ്രവര്‍ത്തകനുമായ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ കൊലയാളികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നായിരുന്നു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ഇത് ഉദ്ധരിച്ചാണ് കെപിസിസി പ്രസിഡന്റ് പ്രതികരിച്ചത്.
എന്നാല്‍ കൊലയ്ക്ക് പിന്നില്‍ ആര്.എസ്.എസ്.- ബി.ജെ.പി. സജീവപ്രവര്‍ത്തകരാണെന്നും വ്യാജപ്രചാരണം തിരിച്ചറിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സി.പി.എം. പ്രവര്‍ത്തകരെ കൊലപ്പെടുത്തി വ്യാജപ്രചാരണം നടത്തുന്നത് ആര്.എസ്.എസ്. – ബി.ജെ.പി. പതിവ് ശൈലിയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Content Highlights – K Sudhakaran, Made a pro-BJP statement on the Palakkad CPM activist’s murder