കളമശ്ശേരി സ്ഫോടനം; വിഷം തുപ്പുന്ന ഷാജനും കൂട്ടാളികളും
കളമശ്ശേരി സ്ഫോടനം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പടർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്ന് സർക്കാർ പറഞ്ഞിരുന്നു. സർക്കാർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രമേ പങ്ക് വെക്കാവൂ എന്നും വ്യക്തമായി പറഞ്ഞിരുന്നു.
മതസൗഹാർദത്തിനും സമാധാന അന്തരീക്ഷത്തിനും രാജ്യത്ത് എന്നും മാതൃക കാണിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇതിന് ഭംഗം വരുത്തുന്ന ഏത് നീക്കത്തെയും കേരളീയ സമൂഹം എതിർത്തിട്ടുണ്ട്.അത് ഇപ്പോളും ഒരു മാറ്റവുമില്ലാതെ തുടരുന്നുമുണ്ട്.
കളമശ്ശേരി സ്ഫോടനം നടത്തിയതെന്ന് SDPI ആണെന്ന വിദ്വേഷപ്രചാരണം പത്തനംതിട്ടയിൽ ഒരാൾ നടത്തിയിരുന്നു. അതിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫേസ്ബുക്കിൽ ഇയാൾ പോസ്റ്റ് ഇട്ടത്.
കളമശ്ശേരി സ്ഫോടന കേസിൽ കണ്ണൂരിൽ ഒരാൾ അറസ്റ്റിൽ എന്ന വാർത്തയ്ക്ക് ഒപ്പം ഒരു പ്രമുഖ ചാനൽ നൽകിയ ദ്യശ്യങ്ങളും വിദ്വെഷം പടർത്തുന്ന ഒന്നായിരുന്നു. ആളുകളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുക എന്ന ക്യത്യമായ ലക്ഷ്യത്തോടെയാണ് ഇത് നൽകിയത് എന്നുറപ്പാണ്. അവരുടെ ലൈവ് റിപ്പോർട്ടിനൊപ്പം തൊപ്പി ധരിച്ച ഒരാൾ എന്ന് തോന്നിക്കുന്ന ഒരാളുടെ ഫോട്ടോ ആണുള്ളത് . ഈ വാർത്തയ്ക്ക് താഴെ കുറച്ച് വർഗീയവാദികൾ അങ്ങേയറ്റം മോശമായ കമന്റുകൾ ഇട്ടതായും കാണാമായിരുന്നു. ചാനലിൻറെ ലക്ഷ്യവും അത് തന്നെ ആയിരുന്നു എന്ന് വ്യക്തം..
ഇത്തരം കാര്യങ്ങൾ നടക്കുമ്പോൾ നമ്മൾ ഒരാളെ മറക്കാൻ പാടില്ല. അദ്ദേഹം ശരിയായ സമയത്ത് തന്നെ തന്റെ സ്ഥിരം ശൈലിയിലെ വിഷം തുപ്പലുമായി രംഗത്ത് വന്നിരുന്നു. മറുനാടൻ ഷാജൻ സ്കറിയ. മുഖ്യമന്ത്രിയെ ടാർജെറ്റ് ചെയ്താണ് ഷാജൻ നുണകൾ അടിച്ചിറക്കിയത്. കളമശ്ശേരിയിൽ നടന്നത് ഇസ്രായേൽ വിരുദ്ധ സ്ഫോടനം ആണോയെന്നാണ് ഷാജൻ ചോദിക്കുന്നത്. ഹമാസ് പ്രേമി പിണറായിക്ക് സുഖമല്ലേ എന്നും ഷാജൻ പറയുന്നുണ്ട്. എന്തായാലും വീഡിയോ വിവാദമായതോടെ ഷാജൻ പതിവ് പോലെ അത് മുക്കിയിട്ടുമുണ്ട്. നേരത്തെ സഖാവ് പി വി അൻവറുമായി നടന്ന പോരാട്ടത്തിൻറെയും ഒളിവ് ജീവിതത്തിന്റെയും ക്ഷീണം മാറി വരുന്നതിന് ഇടയിൽ ആണ് ഇപ്പോളത്തെ വീഡിയോ മുക്കൽ. പക്ഷെ അദ്ദേഹം ഇതുകൊണ്ടൊന്നും തോറ്റുപോകുന്ന ആളല്ല. നുണകൾ ഈ ലോകത്ത് ഇല്ലാതാകും വരെ വാർത്തകൾ എന്നപേരിൽ അത് പ്രചരിപ്പിക്കാൻ അദ്ദേഹം ഉണ്ടാകും എന്നുറപ്പാണ്. എന്തായാലും ഇത്തരം വിദ്വേഷ പ്രചരണം നടത്തിയവർക്ക് എതിരെ പോലീസ് നടപടികൾ എടുത്തതായാണ് അറിയുന്നത്.
പലപ്പോഴും പക്ക്വതയില്ലാത്ത പ്രതികരണങ്ങൾ നടത്തിയിരുന്ന ഒരാളാണ് നടൻ ഷെയിൻ നിഗം. പക്ഷെ ഇക്കാര്യത്തിൽ വളരെ വ്യക്തമായ ഒരു പ്രതികരണം അദ്ദേഹം നടത്തിയിരുന്നു. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും, ചാനലുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനുള്ള ഒരു അവസരമാക്കി ഇതിനെ മാറ്റരുതെന്നും ഷെയിൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷെയിൻ ഇത് പങ്ക് വെച്ചത്. ഈ സംഭവത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ അധികാരികൾ കണ്ടെത്തട്ടെ, അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നുമാണ് ഷെയിൻ പറഞ്ഞത്.
യഥാർത്ഥത്തിൽ കേരളം കത്തുന്നതിൽ നിന്ന് തലനാരിഴക്ക് തന്നെയാണ് രക്ഷപെട്ടത്. ഡൊമിനിക് മാർട്ടിൻ, കളമശ്ശേരിയിൽ സ്ഫോടനം നടത്തിയതായി സ്വയം അവകാശപ്പെട്ട് തെളിവുകളോടുകൂടി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതോടെ ഒരു വലിയ കലാപത്തിന്റെ സാധ്യതകൾ ആണ് ഇല്ലാതായത്.
പണ്ട് മഹാത്മാഗാന്ധിയുടെ വധം നടന്നത് അറിഞ്ഞ മൌണ്ട് ബാറ്റൺ പ്രഭു ആദ്യം പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ” അത് ചെയ്തത് ഒരു മുസ്ലീമല്ല, ദൈവത്തിന് നന്ദി”. ഗാന്ധിയെ വധിച്ചത് ഒരു മുസ്ലിം ആയിരുന്നെങ്കിൽ ഒന്ന് ആലോചിച്ച് നോക്കുക. ഇന്ത്യ എന്ന രാജ്യം തമ്മിൽ തല്ലി ഇല്ലാതായേനെ. ഇന്നീ കാണുന്ന പോലത്തെ ഇന്ത്യ ഉണ്ടാകുകയും ചെയ്യുമായിരുന്നില്ല..