പണം പിൻവലിക്കാൻ നിബന്ധനകൾ കടുപ്പിച്ച് കരുന്നുർ സഹകരണ ബാങ്ക്- നാലു മാസത്തിൽ പിൻവലിക്കാവുന്നത് പരമാവധി 10000 രൂപ
ലക്ഷങ്ങള്‍ നിക്ഷേപമുള്ള ഒരാള്‍ക്കുപോലും കരുവന്നൂര്‍ ബാങ്കില്‍നിന്ന് നാല് മാസത്തിൽ ആകെ പിന്‍വലിക്കാനാവുക പതിനായിരം രൂപമാത്രം. കരുവന്നൂര്‍ ബാങ്കില്‍നിന്ന് നിക്ഷേപകന് തിരിച്ചെടുക്കാന്‍ സാധിക്കുന്ന തുകയ്ക്കുമേലുള്ള നിബന്ധനകള്‍ കടുക്കുന്നു. ബാങ്കില്‍ പണത്തിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് മാത്രം ആവശ്യക്കാരന് പണം നല്‍കുക എന്നതാണ് ഇപ്പോഴത്തെ രീതി. തുടക്കത്തില്‍ ഒരാഴ്ചത്തെ ഇടവേളയില്‍ പണം പിന്‍വലിക്കാമായിരുന്ന സ്ഥിതിയില്‍നിന്നാണ് നാലുമാസമെന്ന ഇടവേളയിലേക്ക് മാറിയത്.
നാലുമാസത്തിലൊരിക്കല്‍ ലഭിക്കുന്ന പതിനായിരം രൂപയ്ക്കും കടമ്പകള്‍ ഏറെയാണ്. ആദ്യം ബാങ്കില്‍ പോയി വരി നിന്ന് ടോക്കണ്‍ എടുക്കണം. ബാങ്കിന്റെ സീല്‍ പതിച്ച ടോക്കണ്‍ ആദ്യം നല്‍കും. ആ ടോക്കണില്‍ പണം വാങ്ങാന്‍ ചെല്ലേണ്ട തീയതിയും സമയവും രേഖപ്പെടുത്തിയിട്ടുണ്ടാവും. നാലുമാസം കഴിഞ്ഞുള്ള തീയതിയായിരിക്കും അത്. സ്വന്തം പണത്തില്‍ നിന്ന് പതിനായിരം രൂപ കിട്ടാന്‍ കുറഞ്ഞത് 10 തവണയെങ്കിലും ബാങ്കില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ് നിക്ഷേപകര്‍ക്ക്.
എത്ര വലിയ ആവശ്യമാണെങ്കിലും പതിനായിരം രൂപയില്‍കൂടുതല്‍ അനുവദിക്കില്ല. ചികിത്സയ്ക്കായുള്ള മെഡിക്കല്‍ രേഖകള്‍ കാണിച്ചാല്‍ പോലും കൂടുതല്‍ പണം അനുനവദിക്കില്ലെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെട്ട് കൂടുതല്‍ പണത്തിനായി കത്തുനല്‍കിയാല്‍ പോലും കിട്ടാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം ചികിത്സ കിട്ടാതെ മരിച്ചയാളുടെ കാര്യത്തില്‍പ്പോലും രേഖാമൂലം കത്തുനല്‍കിയിട്ട് അന്‍പതിനായിരം രൂപയാണ് ആകെ അനുവദിച്ചു നല്‍കിയത്.
ബാങ്കില്‍നിന്ന് ലോണ്‍ എടുത്തവരില്‍നിന്നും പണം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ക്ക് പകരം നിക്ഷേപകരെ പെരുവഴിയിലാക്കുന്ന നടപടിയാണ് ബാങ്ക് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. ബാങ്കില്‍നിന്ന് ലോണ്‍ എടുത്തവരും പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ അംഗമായി തുക നേരത്തെ എടുത്തവരുമൊന്നും തിരിച്ച് പണം ബാങ്കിലേക്ക് അടയ്ക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
Content Highlights – Karuvannur, Maximum withdrawal in four months is Rs 10000