ലോകകേരളസഭ ധൂർത്തിന്റെ പര്യായമെന്ന് കെ.സുധാകരൻ എംപി
അമേരിക്കയിൽ ലോകകേരളസഭാ സമ്മേളനത്തിന് താരനിശ മാതൃകയിൽ നടക്കുന്ന പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നു വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം.പി. മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ ഒരാളിൽ നിന്ന് 82 ലക്ഷം രൂപ പിരിച്ചെടുക്കുന്ന കാര്യം അറിഞ്ഞിട്ടും അദ്ദേഹം മൗനംപാലിക്കുന്നു. കമഴ്ന്നുവീണാൽ കാൽപ്പണമെന്നത് സിപിഎമ്മിന്റെ ജനിതക സ്വഭാവമാണെന്നും സുധാകരൻ പരിഹസിച്ചു.ഭരണനിർവഹണം പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സാമ്രാജ്യത്വത്തിന്റെ ഇരിപ്പിടമായ അമേരിക്കയും തകർന്നടിഞ്ഞ ക്യൂബയും ലക്ഷങ്ങൾ ചെലവഴിച്ച് സന്ദർശിക്കുന്നതിനു പകരം തൊട്ടടുത്ത കർണാടകത്തിലേക്കു പോയാൽ പ്രയോജനം കിട്ടുമെന്ന് സുധാകരൻ പറഞ്ഞു.സത്യപ്രതിജ്ഞ കഴിഞ്ഞിട്ട് പത്തുദിവസമേ ആയുള്ളുവെങ്കിലും കർണാടകത്തിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. തന്റെ വാഹനം കടന്നുപോകുമ്പോൾ മറ്റു വാഹനം തടഞ്ഞ് ഗതാഗതം തടസപ്പെടുത്തരുത് എന്ന മുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവു തന്നെ 40 വാഹനങ്ങളുടെ അകമ്പോടിയോടെ, പോകുന്നിടത്തൊക്കെ ഗതാഗതം തടസപ്പെടുത്തുന്ന പിണറായി വിജയന് പഠിക്കാവുന്ന ഒന്നാന്തരം പാഠമാണ്. കർണാടകത്തിൽ നടപ്പാക്കിയ കുടുംബനാഥകൾക്ക് പ്രതിമാസം 2000 രൂപ, സ്ത്രീകൾക്ക് സൗജന്യബസ് യാത്ര, ഓരോ വീടിനും 200 യൂണിറ്റ് സൗജന്യവൈദ്യുതി, ഡിഗ്രിയുള്ള തൊഴിൽരഹിതർക്ക് 3000 രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയും തുടങ്ങിയവയും മാതൃകയാക്കാം.അതേസമയം, ഭരണനിർവഹണം പഠിക്കാൻ പോകുന്ന ക്യൂബയിൽ 2021 മുതൽ ജനങ്ങൾ വലിയ പ്രക്ഷോഭത്തിലാണ്. മരുന്നും ഭക്ഷണവും വൈദ്യുതിയും ജനാധിപത്യ അവകാശങ്ങളും തേടി ജനങ്ങൾ സമരം നടത്തുമ്പോൾ കമ്യൂണിസ്റ്റ് ഭരണകൂടം അടിച്ചമർത്തുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടിൽ പറയുന്നു. പൊതുജനാരോഗ്യ ശൃംഖല തകർന്ന കിടക്കുന്ന ക്യൂബയിൽ അവശ്യമരുന്നുകളുടെ അഭാവം രൂക്ഷമാണ്. പ്രതിഷേധിക്കുന്ന കൗമാരക്കാർ ഉൾപ്പെടെയുള്ളവർ ജീവപര്യന്തം ശിക്ഷയുമായി ജയിലുകളിൽ കഴിയുന്നു. 2021-22ൽ മാത്രം 2.24 ലക്ഷം ക്യൂബൻകാരാണ് കൊടുകാട്ടിലൂടെയും ബോട്ടുകളിലും അപകടകരമായി യാത്ര ചെയ്ത് അമേരിക്കയിലേക്ക് രക്ഷപ്പെട്ടത്. അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് പുതിയ നിയമം തന്നെ നടപ്പാക്കി. 180 രാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യത്തേക്കുറിച്ചുള്ള ലോകമാധ്യമസ്വാതന്ത്ര്യ സൂചികയിൽ 161-ാംസ്ഥാനത്തു നില്ക്കുന്ന ഇന്ത്യയുടെ ചേട്ടനായി ക്യൂബ 172-ാം സ്ഥാനത്താണ്.
മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടെയും ആയുസിന്റെ സിംഹഭാഗവും അമേരിക്കൻ സാമ്രാജ്യത്വത്തെ ആക്രമിക്കാൻ ചെലവിട്ടതാണ്. എന്നാൽ മിക്ക നേതാക്കളും ചികിത്സയ്ക്കും ഉല്ലാസയാത്രക്കും മക്കളുടെ വിദ്യാഭ്യാസത്തിനും അമേരിക്കയിലേക്കുതന്നെ പോകുന്നു എന്നതു വിധിവൈപരീത്യമാണ്. മുഖ്യമന്ത്രി നെതർലൻഡിൽ വെള്ളപ്പൊക്ക നിവാരണവും നോർവെയിൽ മാലിന്യസംസ്കരണവും പഠിക്കാൻ പോയതുപോലെ ഈ സന്ദർശനം വൃഥാവിലാകാതിരിക്കട്ടെയെന്ന് സുധാകരൻ ആശംസിച്ചു.