കെ എൻ എ ഖാദർ RSS വേദിയിൽ; പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ലെന്ന് വിശദീകരണം.
മുസ്ലിം ലീഗ് മുൻ എം എൽ എ , കെ എൻ എ ഖാദർ ആർ എസ് എസ് വേദിയിലെത്തി. കോഴിക്കോട് കേസരി സ്നേഹബോധി സാംസ്കാരിക സമ്മേളനത്തിലാണ് ലീഗ് നേതാവ് പങ്കെടുത്തത്. ആർ എസ് എസ് നേതാവ് ജെ നന്ദകുമാർ ഖാദറിനെ പൊന്നാടയണിയിച്ചു.
പരിപാടിയിൽ പങ്കെടുത്ത് അരമണിക്കൂറോളം അദ്ദേഹം സംസാരിച്ചു. പ്രസംഗത്തിനിടയിൽ പല തവണ ആർ എസ് എസ് പ്രജ്ഞാവാഹിന്റെ ദേശീയ കൺവീനറായ ജെ നന്ദകുമാറിനെ പ്രശംസിക്കുന്നുമുണ്ട്. തന്നെ പലപ്പോഴും മുസ്ലീം തീവ്രവാദിയാക്കിയെന്നും ഗുരുവായൂരിൽ മത്സരിക്കാൻ പോയ സമയത്ത് സംഘിയാക്കി. പിന്നെ നിരീശ്വര വാദിയാക്കി.
പലപ്പോഴും തന്റെ വ്യക്തിത്വത്തെയും ചിന്തയെയും ചോദ്യം ചെയ്യുന്ന നിലപാടുണ്ടായപ്പോഴും സ്വയം പഠിക്കാനാണ് ശ്രമിച്ചതെന്നും കെ എൻ എ ഖാദർ പ്രസംഗത്തിനിടെ പറഞ്ഞു. ഒരിക്കൽ സുവർണ ക്ഷേത്രത്തിൽ പോയപ്പോൾ പൂജാരിയുടെ മകനെ കെട്ടിപ്പിടിച്ചു കരഞ്ഞു പോയിട്ടുണ്ട്. ഓരോ സംഭവത്തെയും കാണുന്നവരുടെ കാഴ്ചപ്പാടിനാണ് പ്രശ്നമെന്നും അദ്ദേഹം പറയുന്നു.
പരിപാടിയിൽ പങ്കെടുത്തത് വിവാദമായതോടെ അതിനെ ന്യായീകരിച്ച് കെ എൻ എ ഖാദർ രംഗത്തെത്തി. സാംസ്കാരിക പരിപാടി എന്ന നിലക്ക് മാത്രമാണ് അതിൽ പങ്കെടുത്തതെന്നും ദുഷ്പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തതിൽ ഒരു തെറ്റും കാണുന്നില്ല. പാർട്ടിയിൽ സാദിഖലിയും മുസ്ലിംലീഗും സ്വീകരിക്കുന്ന നിലപാട് തന്നെയാണ് തന്റേതെന്നും അദ്ദേഹം ആവർത്തിച്ചു. വീഡിയോ സന്ദേശത്തിലൂടെയാണ് തന്റെ ഭാഗം വിശദീകരിച്ച് കെ എൻ എ ഖാദർ രംഗത്തെത്തിയത്.
Content Highlights: KNA Khadar attend RSS Function at Calicut