കൊല്ലത്ത് ഇനി യൂറോപ്യൻ ശൈത്യകാലം; രണ്ടേക്കറിൽ ഒരുങ്ങുന്ന ‘സമ്മർ ഇൻ ബെത്ലഹേം’ ഫെസ്റ്റിന് നവംബർ ഒന്നിന് തുടക്കം
 
			    	    കൊല്ലം: രണ്ടേക്കർ വിസ്തൃതിയിൽ സമ്പൂർണ്ണ യൂറോപ്യൻ ശൈത്യകാല അനുഭവം സമ്മാനിക്കുന്ന ‘സമ്മർ ഇൻ ബെത്ലഹേം’ മെഗാ ഫെസ്റ്റ് കൊല്ലത്ത്. തിരുമുല്ലവാരം ബീച്ചിൽ നടക്കുന്ന ത്രൈമാസ ഫെസ്റ്റിന് നവംബർ ഒന്നിന് തുടക്കമാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചുങ്കത്ത് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഒരുക്കുന്ന ഈ അവിസ്മരണീയ പരിപാടിയുടെ പ്രധാന ആകർഷണം 3000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ‘സ്നോ വേൾഡ്’ ആണ്. യഥാർത്ഥ മഞ്ഞുവീഴ്ചയുടെ അനുഭവം സന്ദർശകർക്കു നൽകുന്നതാണ് ഈ പവലിയൻ. കൂടാതെ, 18 ഡിഗ്രി സെൽഷ്യസിൽ താഴെ താപനിലയുള്ള 20,000 ചതുരശ്രയടിയുടെ വിശാലമായ ഹാളും യൂറോപ്യൻ കാലാവസ്ഥയുടെ അനുഭവം സമ്മാനിക്കും. യൂറോപ്യൻ സംസ്കാരവും വിശ്വപ്രസിദ്ധ സ്മാരകങ്ങളുടെ മിനിയേച്ചർ പതിപ്പുകളും, കല്ല് പാകിയ വീഥികളും തനത് മരപ്പണികളുമുള്ള സമ്പൂർണ്ണ ‘ബെത്ലഹേം റെപ്ലിക്ക വില്ലേജും’ ഫെസ്റ്റിവലിന്റെ ഭാഗമാണ്. യൂറോപ്യൻ അനുഭവം സമ്പൂർണ്ണമാക്കാൻ ‘ടേസ്റ്റ് ഓഫ് യൂറോപ്പ്’ ഫുഡ് കോർട്ടുകളും ക്രിസ്മസ് ഗ്രാമത്തിന്റെ മാതൃകയിൽ 60-ലധികം ഷോപ്പിംഗ് സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്.
ദിവസേന 5000 മുതൽ 10,000 വരെ സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 200-ലധികം തദ്ദേശീയർക്ക് നേരിട്ട് തൊഴിലവസരം നൽകുന്ന ഈ സംരംഭം കൊല്ലത്തിന്റെ ടൂറിസം, ഹോട്ടൽ, വ്യാപാര മേഖലകൾക്ക് വൻകുതിപ്പേകുമെന്ന് സംഘാടകർ വ്യക്തമാക്കി. ഫെസ്റ്റിന്റെ ഭാഗമായി 10,000 ചതുരശ്ര അടി വിസ്തൃതിയിൽ 50 മുതൽ 2000 പേർ വരെ ഉൾക്കൊള്ളുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ശീതീകരിച്ച ഓഡിറ്റോറിയവും ഒരുക്കിയിട്ടുണ്ട്. വിവാഹങ്ങൾ, കോർപ്പറേറ്റ് മീറ്റിംഗുകൾ എന്നിവയ്ക്കായി ഈ ഓഡിറ്റോറിയം മിതമായ നിരക്കിൽ വാടകയ്ക്ക് ലഭ്യമാക്കും. ഒരേസമയം 300-ലധികം കാറുകൾ പാർക്ക് ചെയ്യാനുള്ള വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹോട്ടലുകളുമായും ട്രാവൽ ഏജൻസികളുമായും സഹകരിച്ച് പ്രത്യേക ഫാമിലി, ഗ്രൂപ്പ് ടൂറിസ്റ്റ് പാക്കേജുകളും ലഭ്യമാണ്.
നവംബർ 1-ന് വൈകുന്നേരം 3 മണിമുതൽ എക്സ്പീരിയൻസ് സെന്റർ പൊതുജനങ്ങൾക്ക് തുറക്കും. വൈകിട്ട് 6 ന് ചലച്ചിത്രതാരവും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് മലയാള സിനിമയിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ അദ്ദേഹത്തിന് ആദരവർപ്പിച്ചുകൊണ്ട് സിനിമാതാരങ്ങൾ അണിനിരക്കുന്ന ‘ക്ലാപ്പ് ഓൺ ക്ലാപ്പ്സ്’ പ്രത്യേക സ്റ്റേജ് ഷോയും അരങ്ങേറും. പ്രശസ്ത ഗായകരായ മഞ്ജരി, സുദീപ്, ദീനനന്ദൻ എന്നിവർ നയിക്കുന്ന സംഗീത വിരുന്നും കാണികൾക്കായി ഒരുക്കിയിട്ടുണ്ട്. നവംബർ 2-ന് പന്തളം ബാലനും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് കൺസേർട്ട് ഉണ്ടായിരിക്കും. തുടർന്നുള്ള എല്ലാ ദിവസവും വൈകുന്നേരം പ്രശസ്ത സിനിമാ താരങ്ങൾ അണിനിരക്കുന്ന സ്റ്റേജ് ഷോ, റോയൽ ബ്രിട്ടീഷ് പരേഡ്, ഫ്ലാമിങ്കോ ഡാൻസ് തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള കലാപരിപാടികളും അരങ്ങേറും. മുതിർന്നവർക്ക് ₹400, 17 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ₹200 എന്നതാണ് ഒരു ദിവസത്തെ ടിക്കറ്റ് നിരക്ക്. മൂന്ന് ദിവസത്തേക്കുള്ള പാസുകൾ യഥാക്രമം ₹1000, ₹500 രൂപയ്ക്കും ലഭ്യമാണ്.
വ്യാപാര-വിനോദ സാധ്യതകൾക്കപ്പുറം ഭാവി തലമുറയെ ലക്ഷ്യമിട്ടുള്ള സാമൂഹിക പദ്ധതികൾക്കും ഇതോടൊപ്പം തുടക്കം കുറിക്കും. സാമൂഹിക ബോധം, വ്യക്തിത്വവികസനം, മയക്കുമരുന്ന് നിർമാർജ്ജനം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി വിഭാവനം ചെയ്ത സമഗ്ര വിദ്യാഭ്യാസ–പ്രതിരോധ പദ്ധതിയായ പ്രൊജക്ട് എലവേറ്റ് ആണ് ആദ്യത്തേത്.
വിദ്യാർത്ഥികളെ ഉത്തരവാദിത്തമുള്ള പൗരന്മാരായി വളർത്തുക, ജീവിതത്തിൽ ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കാനുള്ള അറിവും ആത്മവിശ്വാസവും നൽകുക എന്നതാണ് ചുങ്കത്ത് നേതൃത്വം നൽകുന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ സ്വയം തിരിച്ചറിയാനും, പ്രതിസന്ധികളെ അതിജീവിക്കാനും, സമൂഹത്തിനു മികച്ച സംഭാവനകൾ നൽകുന്ന യുവതലമുറയായി വളരാനും കഴിയും. ഈ വിദ്യാഭ്യാസ–പ്രതിരോധ പദ്ധതി വിജയകരമായി പൂർത്തിയാക്കുന്നവരെ “ഗ്രീൻ കാർഡ്” നൽകി ആദരിക്കും. കൂടാതെ “യുവ അംബാസഡർ” പദവിയും നൽകും.
’ആരോഗ്യത്തിനായി ജീനുകളിലൂടെ’ എന്ന ആശയത്തിൽ അധിഷ്ഠിതമായ മൈ ഹെൽത്ത് ജെനിക്സ് – ഡികോഡ് മൈ ഡിഎൻഎ ( ‘MyHealthGenix – DcodmyDNA’ )എന്ന നവീനമായ ഡിഎൻഎ അധിഷ്ഠിത ഹെൽത്ത് പ്രോഗ്രാമാണ് രണ്ടാമത്തേത്. വ്യക്തികളുടെ ജനിതക ഘടന, ആരോഗ്യ അപകടസാധ്യതകൾ, മരുന്നുകളോടുള്ള പ്രതികരണം തുടങ്ങിയ 120-ലധികം വിശദമായ ജനിതക റിപ്പോർട്ടുകൾ ഇതിലൂടെ ലഭിക്കും. ഈ പദ്ധതിയുടെ ഭാഗമായി 11, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ജനിതക പരിശോധന (MyDNA ടെസ്റ്റ്) പൂർണമായും സൗജന്യമാണ്. ഫെസ്റ്റിലെത്തുന്ന വിദ്യാർത്ഥികൾക്ക് പരിശോധന നടത്താനുള്ള സൗകര്യവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യപരമായും ചിന്താപരമായും മികച്ചൊരു പുതു തലമുറയെ വാർത്തെടുക്കുക എന്ന വലിയ ദൗത്യത്തിനാണ് ഇതിലൂടെ ചുങ്കത്ത് തുടക്കമിടുന്നതെന്ന് ചുങ്കത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ രാജീവ് പോൾ ചുങ്കത്ത് പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: 9495329847, 9446352882
 
			    					         
								     
								     
								        
								        
								       












