കൂളിമാട് പാലം പുനര്‍നിര്‍മാണം റിപ്പോര്‍ട്ട് കിട്ടിയ ശേഷം; ഊരാളുങ്കല്‍ നിര്‍ദേശം തള്ളി മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് കൂളിമാട് പാലത്തിന്റെ പുനര്‍നിര്‍മാണം അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം മതിയെന്ന് പൊതുമാരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പാലത്തിന്റെ പുനര്‍നിര്‍മാണം ആരംഭിക്കാമെന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ നിര്‍ദേശം തള്ളിയാണ് മന്ത്രി രംഗത്ത് വന്നിരിക്കുന്നത്. അതേസമയം തകര്‍ന്നുവീണ ബീമുകള്‍ മാറ്റുന്ന ജോലി ഇന്ന് തുടങ്ങിയേക്കും.
നിര്‍മാണ സമയത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അസാന്നിധ്യം അടക്കം അന്വേഷണ വിധേയമാകുമെന്ന് മന്ത്രി പറഞ്ഞിരുന്നു. അപകടം നടന്ന് 10 ദിവസം കഴിയുമ്പോഴും അപകടകാരണത്തില്‍ വ്യക്തത ഇല്ലാതെ ഇരുട്ടില്‍ തപ്പുകയാണ് പൊതുമരാമത്ത് വിജിലന്‍സ് സംഘം.
കഴിഞ്ഞ 16നാണ് കോഴിക്കോട് കൂളിമാട് നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന് പുഴയില്‍ പതിച്ചത്. പ്രദേശത്ത് ലഭിച്ച ശക്തമായ മഴ താല്‍ക്കാലികമായി സ്ഥാപിച്ച തൂണുകള്‍ താഴ്ന്നുപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും മുസ്ലീം ലീഗും ബിജെപിയും രംഗത്തെത്തിയിരുന്നു.
Content Highlight: Koolimad bridge reconstruction only after investigation report says Mohammed Riyas.