സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
സിവിക് ചന്ദ്രന് ജാമ്യം നല്കിയ കോഴിക്കോട് സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. സിവിക്കിന് നല്കിയ ജാമ്യം റദ്ദാക്കണമെന്ന് അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ജാമ്യം നല്‍കിക്കൊണ്ട് സെഷന്‍സ് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ അനുചിതമാണ്. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തിന് എതിരാണ് നിരീക്ഷണങ്ങളെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
പരാതിക്കാരി അനുഭവിച്ച മാനസിക സമ്മര്‍ദ്ദമാണ് പരാതി വൈകാന്‍ കാരണമായതെന്നും സത്യം പുറത്തു വരാന്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കൊയിലാണ്ടിയില്‍ ഒരു കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയ എഴുത്തുകാരിയെ സിവിക് കടന്നു പിടിച്ചെന്നും ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമായിരുന്നു ആദ്യ പരാതി. പട്ടികജാതിക്കാരിയാണെന്നു വ്യക്തമായി മനസ്സിലാക്കിയാണ് ലൈംഗികമായി ഉപദ്രവിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
അതിനാല്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു കേസെടുത്തത്. എന്നാല്‍ ഈ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ജാതിവ്യവസ്ഥയ്ക്കെതിരെ നിരന്തരം പോരാടുന്ന സിവിക് ചന്ദ്രന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ പോലും ജാതി രേഖപ്പെടുത്തിയിട്ടില്ല. ഇത്തരമൊരാള്‍ പട്ടികജാതിക്കാരിക്കു നേരെ ബോധപൂര്‍വം ലൈംഗികാതിക്രമം നടത്തിയെന്നു വിശ്വസിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനകരമാണെന്ന് പ്രതിഭാഗം ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണെന്നും അതിനാല്‍ ലൈംഗികാതിക്രമം നടന്നുവെന്ന പരാതി നിലനില്‍ക്കില്ലെന്ന് രണ്ടാമത്തെ കേസില്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള വിധിയിലും കോടതി പറഞ്ഞിരുന്നു.