രാമായണ മാസത്തിൽ ടെമ്പിൾ ട്രിപ്പ് ; ടൂർ പാക്കേജിലൂടെ ചുവടുറപ്പിക്കാൻ KSRTC
കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നുള്ള ടൂർ പാക്കേജ് 40 എഡിഷനുകൾ പൂർത്തിയായി. പദ്ധതി ജനകീയമായതോടെ ഏകദിന , ദ്വിദിന യാത്രകൾ ആരംഭിക്കുമെന്നും രാമയണമാസത്തിൽ ഭക്തർക്കായി ടെമ്പിൾ ട്രിപ്പുകളും ആരംഭിക്കുന്നതായും അധികൃതർ അറിയിച്ചു.
തൃപ്രയാർ ഉൾപ്പെടുത്തി നാലമ്പല ദർശനത്തിനായുള്ള ടെമ്പിൾ ട്രിപ്പുകളാണ് ഭക്തർക്കായി ആരംഭിക്കുന്നത്. യാത്രക്കാരുടെ താൽപര്യാർത്ഥം ജൂലൈ മൂന്നിന് കുമരകത്തേക്കുള്ള ഹൗസ് ബോട്ട് ട്രിപ്പും ക്രമീകരിച്ചിട്ടുണ്ട്. ബോട്ടിംഗ് ചാർജും ഉച്ചഭക്ഷണവും ഉൾപ്പെടെ 1400 രൂപയാണ് യാത്രാനിരക്ക്.
ജൂലൈ 16,17 തീയതികളിൽ ദ്വിദിന ട്രിപ്പും ക്രമീകരിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു. വാഗമൺ വഴി മൂന്നാറിലേക്കുള്ള ട്രിപ്പാണ് ക്രമീകരിച്ചത്. 1350 രൂപയാണ് യാത്രാനിരക്ക്. എന്നാൽ വാഗമണിലേക്കുള്ള ഏകദിന ട്രിപ്പിന് 750 രൂപയാണ്. ജൂലൈ 3,17,24 തിയതികളിലാണ് ഈ ട്രിപ്പ് നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ ഗവി, മൂന്നാർ, നെല്ലിയാമ്പതി ട്രിപ്പുകൾ നടത്തിയ കെ എസ് ആർ ടി സി ഇതിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ്. കെ എസ് ആർ ടി സിയുടെ വിവിധ ഡിപ്പോകൾ കേന്ദ്രീകരിച്ച് കൂടുതൽ ട്രിപ്പുകൾ തയ്യാറാക്കിവരികയാണ് കെ എസ് ആർ ടി സി.
Content Highlights: KSRTC Tour package