തൂണുകൾക്കിടയിൽ കുടുങ്ങി കെ സ്വിഫ്റ്റ്; പകരം ബസ് ഇറക്കി സർവീസ്
കോഴിക്കോട് കെ എസ് ആർ ടി സി ഡിപ്പോയിലെ സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ സ്വിഫ്റ്റ് ബസ് കുടുങ്ങി. രാവിലെ ബംഗലൂരുവിൽ നിന്നെത്തിയ ബസ്സാണ് കുടുങ്ങിയത്. തിരികെ ബംഗലൂരുവിലേക്ക് പോവേണ്ട ബസ്സാണിത്. കോഴിക്കോട് ബസ് സ്റ്റാൻഡിന്റെ അശാസ്ത്രീയ നിർമാണത്തിൽ വലിയ വിവാദം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് സ്വിഫ്റ്റ് ബസ് അവിടെ കുടങ്ങിയത്.
സാധാരണ വലിപ്പത്തിലുള്ള കെ എസ് ആർടി ബസ്സുകൾക്ക് തന്നെ ഇവിടെ പാർക്ക് ചെയ്യുന്നതിനും തിരിക്കുന്നതിനും ബുദ്ധിമുട്ടുകളുണ്ട്. അതിനിടെയിലാണ് സ്വിഫ്റ്റ് ബസ് കുടുങ്ങുന്നത്. തുടർന്ന് മറ്റൊരു സ്വിഫ്റ്റ് ബസ് ഏർപ്പാടാക്കിയാണ് സർവീസ് നടത്തിയത്.
കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന്റെ നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് ചെന്നൈ ഐ ഐ ടി നടത്തിയ പഠനത്തിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. രണ്ടായിരത്തി പതിനഞ്ചിലാണ് കോഴിക്കോട് കെ എസ് ആർ ടി സി സമുച്ചയം നിർമിച്ചത്. ബി ഒ ടി അടിസ്ഥാനത്തിൽ കെ ടി ഡി എഫ് സി യാണ് 76 കോടി രൂപയോളം ചെലവിൽ കെട്ടിട സമുച്ചയം പണിതത്.
പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന കോഴിക്കോട് ഡിപ്പോയിൽ ബസുകൾ പാർക്ക് ചെയ്യുന്നതിൽ വലിയ പാകപ്പിഴകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഷോപ്പിങ് കോംപ്ലക്സിന് കൂടി ഉപയോഗപ്പെടുത്തുന്ന രീതിയിൽ കോടികൾ ചെലവിട്ട് നിർമിച്ച കെട്ടിടം തുടക്കം മുതലേ നിർമാണത്തിലെ പാകപ്പിഴകൾ കാരണം വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. നിർമാണത്തിലെ അപാകത മൂലം ഇവിടെ അപകടങ്ങളും പതിവാണ്.