മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രവും മാസ്കും ഒഴിവാക്കണമെന്ന് കോഴിക്കോട് ലത്തീൻ രൂപത
മുഖ്യമന്ത്രിയുടെ പരിപാടിയ്ക്കെത്തുന്നവർ കറുത്ത വസ്ത്രവും മാസ്കും ഒഴിവാക്കണമെന്ന നിർദ്ദേശവുമായി കോഴിക്കോട് ലത്തീൻ രൂപത. ലത്തീന്‍ കത്തോലിക്ക സഭയുടെ കോഴിക്കോട് രൂപതയുടെ ശതാബ്ദി ചടങ്ങിൽ മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുന്നുണ്ട്. ഈ ചടങ്ങിൽ പങ്കെടുക്കുന്ന വിശ്വാസികളോടാണ് സംഘാടക സമിതി ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾക്ക് കോഴിക്കോട്ടും കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉച്ചമുതൽ വേദികളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കും. പരിപാടികൾക്ക് 1 മണിക്കൂർ മുമ്പേ എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. വൈകിട്ട് 5.30നാണ് ലത്തീൻ രൂപതയുടെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്.
കോഴിക്കോട് 500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. 11 ഡിവൈഎസ്പി മാരും 30 എസ്ഐമാരും സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കും. രാമനാട്ടുകര മുതൽ മാഹി വരെ പൊലീസിനെ വിന്യസിക്കും.