ഇടുക്കി ജില്ലയില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ നടത്തും ; തൊടുപുഴയില്‍ എത്തുമെന്ന് ഗവര്‍ണര്‍
1960 ലെ ഭൂപതിവ് നിയമഭേദഗതിക്ക് അനുമതി നല്കാന് ഗവര്‍ണര്‍ തയാറാകുന്നില്ലെന്ന് ആരോപിച്ച് ഇടുക്കി ജില്ലയില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ നടത്തും. ഇതേ വിഷയത്തില്‍ ഇന്ന് എല്‍.ഡി.എഫ് രാജ്ഭവന് മാര്‍ച്ചും നടത്തും.
ഇതിനിടെ, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാവിലെ 11ന് തൊടുപുഴയില്‍ എത്തും. എല്‍.ഡി.എഫിന്റെ പ്രതിഷേധ ദിവസം തന്നെ തൊടുപുഴയിലെത്തുന്നതിലൂടെ ഗവര്‍ണര്‍ ഇടുക്കിയിലെ ജനങ്ങളെ അവഹേളിക്കുകയാണെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി മാറ്റിവയ്ക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കള്‍ അറിയിച്ചു. ഗവര്‍ണര്‍ക്ക് പിന്തുണയുമായി ബി.ജെ.പിയും പരിപാടിയില്‍ പങ്കെടുക്കുന്ന വ്യാപാരികള്‍ക്ക് സംരക്ഷണമൊരുക്കുമെന്ന് പറഞ്ഞ് കോണ്‍ഗ്രസും രംഗത്തെത്തി. പ്രതിഷേധവും സംഘര്‍ഷവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് കണക്കിലെടുത്ത് തൊടുപുഴയിലും പരിസരങ്ങളിലും വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.