പൂസാവാന്‍ കാശുകൂടും; സംസ്ഥാനത്ത് മദ്യത്തിന്റെ വിലവര്‍ദ്ധനവിന് സാധ്യത
സംസ്ഥാനത്ത് മദ്യവില കൂടാൻ സാധ്യത. അടുത്ത മാസത്തോടുകൂടി മദ്യത്തിന്റെ വിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായേക്കുമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്പിരിറ്റിന്റെ ലഭ്യതകുറവ് ഉള്‍പ്പടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വില കൂട്ടാന്‍ മദ്യകമ്പനികള്‍ മാസങ്ങള്‍ക്ക് മുന്നെ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ആദ്യം അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന സര്‍ക്കാര്‍ നിലവിലെ സാഹചര്യം കൂടി പരിഗണിച്ച് വിലവര്‍ദ്ധനവിന് തയ്യാറവും എന്നാണ് സൂചന.
സ്പിരിറ്റിന്റെ ലഭ്യതകുറവും വിലവര്‍ദ്ധനവും ചൂണ്ടിക്കാട്ടി ചില കമ്പനികള്‍ ബെവ്കോയ്ക്ക് മദ്യം നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. വില കുറഞ്ഞ മദ്യത്തിന് ബെവ്കോ ഔട്ട്ലെറ്റുകളില് ക്ഷാമം നേരിടാന്‍ ഇത് കാരണമായിരുന്നു. ഈ പശ്ചാതലത്തിലാണ് മദ്യത്തിന്റെ വിലവര്‍ദ്ധനവിന് സര്‍ക്കാര്‍ തയ്യാറാവുന്നത് എന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. 20 ശതമാനം വരെ വിലവര്‍ദ്ധനവാണ് മദ്യകമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വില കുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞത് വ്യാജ മദ്യം ഒഴുകാന്‍ ഇടയാക്കിയേക്കും എന്ന എക്സൈസ് ഇന്റലിജന്‍സ് മുന്നറിയിപ്പും സര്‍ക്കാരിന്റെ മുന്നിലുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാവും വിലവര്‍ദ്ധനവില്‍ സര്‍ക്കാര്‍ തീരുമാനം. വില കൂട്ടാതെ നികുതി കുറയ്ക്കുന്നതും സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ടെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു. 237 ശതമാനമാണ് നിലവില്‍ മദ്യത്തിന്റെ നികുതി.
സര്‍ക്കാര്‍ ഉല്‍പ്പാദിപ്പിക്കുന്ന ജവാന് മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ബെവ്ക്കോയും രംഗത്തുണ്ട്. തൃക്കാക്കര ഉപതിരഞ്ഞടുപ്പിന് ശേഷം വിലവര്‍ദ്ധനവില്‍ തീരുമാനം ഉണ്ടായേക്കുമെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Liquor prices in Kerala to go up.