മൃതദേഹം സംസ്കരിക്കണമെന്ന് എം എം ലോറൻസ് പറയുന്ന വീഡിയോയുമായി മകൾ സുജാത; മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യം

തൻറെ മൃതദേഹം സംസ്കരിക്കുന്നതിനെ കുറിച്ച് അന്തരിച്ച സിപിഐഎമ്മിൻറെ മുതിർന്ന നേതാവായ എം എം ലോറൻസ് പറയുന്ന വീഡിയോ ഉണ്ടെന്ന അവകാശ വാദവുമായി മകൾ വീണ്ടുമെത്തി. സ്വർഗത്തിൽ പോകണമെന്നും യേശുവിനെ കാണണം എന്നും മക്കൾ പറയുന്നിടത്ത് അടക്കണമെന്നും വീഡിയോയിൽ എം എം ലോറൻസ് പറയുന്നുണ്ട് എന്നാണ് മകൾ സുജാതയുടെ പുതിയ അവകാശ വാദം . 2022 ഫെബ്രുവരി 25 നാണ് ലോറൻസ് ഇക്കാര്യം പറഞ്ഞതെന്നും മകൾ വ്യക്തമാക്കി. ഹൈക്കോടതിയിൽ വീഡിയോ കൈമാറി. പുന പരിശോധന ഹർജി നൽകിയിട്ടുണ്ടെന്നും മകൾ സുജാത പറഞ്ഞു. തങ്ങളോട് ചോദിക്കാതെയാണ് മൃതദേഹം വൈദ്യ പഠനത്തിന് കൈമാറാനുള്ള തീരുമാനം പാർട്ടി എടുത്തതെന്നും സുജാത പറഞ്ഞു.
മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകാനുള്ള സഹോദരൻ എൽ.എൽ. സജീവന്റെ തീരുമാനത്തെയാണ് ഇവർ ചോദ്യം ചെയ്തത്. മൃതദേഹം പഠനത്തിന് വിട്ടു നൽകണമെന്ന് മരണത്തിന് മുമ്പ് പിതാവ് പറഞ്ഞിരുന്നെന്നാണ് സജീവൻ വാദിച്ചത്. ഇതിന് സാക്ഷികളെയും ഹാജരാക്കിയിരുന്നു. പ്രശ്നം രമ്യമായി പരിഹരിക്കാൻ മുതിർന്ന അഭിഭാഷകനെ കോടതി മദ്ധ്യസ്ഥനായി നിയോഗിച്ചെങ്കിലും ചർച്ച പരാജയമായിരുന്നു.