നായകൾക്ക് ഭക്ഷണം നൽകാൻ കേന്ദ്രങ്ങൾ സ്ഥാപിക്കാനൊരുങ്ങി മരട് നഗരസഭ

തെരുവുനായകൾക്ക് ഭക്ഷണം നൽകുന്ന കേന്ദ്രങ്ങൾ സ്ഥാപിക്കാനൊരുങ്ങുകയാണ് മരട് നഗരസഭ. പൊതുജനസുരക്ഷ കണക്കിലെടുത്താണ് നടപടി. ഭക്ഷണത്തിനായി അലഞ്ഞുതിരിയുന്ന തെരുവുനായകൾ ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായി മാറുന്നത് കണക്കിലെടുത്താണ് നഗരസഭ ഈ തീരുമാനമെടുത്തത്.
നഗരസഭാ പ്രദേശത്ത് ഏകദേശം 650ഓളം തെരുവ് നായ്ക്കൾ ഉണ്ടെന്നാണ് കണ്ടെത്തൽ. ആദ്യഘട്ടം എന്ന നിലയ്ക്ക് നായ്ക്കൾക്ക് വാക്സിൻ എടുക്കും. ശേഷം സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെ എബിസി പ്രോഗ്രാം നടപ്പാക്കും. തെരുവുനായ ഭീഷണി തടയുന്നതിനായി നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിലിന്റെ അധ്യക്ഷതയിൽ മരടിൽ ചേർന്ന മോണിറ്ററിങ് കമ്മിറ്റിയിലാണ് ഇക്കാര്യങ്ങളെല്ലാം തീരുമാനിച്ചത്.