പൊറോട്ടയും ബീഫും കൊടുത്താണ് പൊലീസ് സ്ത്രീകളെ മല കയറ്റിയതെന്ന പ്രസ്താവനയിൽ ഉറച്ച് നിന്ന് പ്രേമചന്ദ്രൻ എം പി; ഒരാളിൽ മാത്രം ആ പേര് ”വിഷചന്ദ്രൻ” എന്നായിരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായതിനു പിന്നാലെ പ്രതികരണവുമായി ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന് എംപി വീണ്ടുമെത്തി. ശബരിമല സ്ത്രീ പ്രവേശനം വീണ്ടും ചര്‍ച്ചയായതില്‍ സന്തോഷമുണ്ടെന്നാണ് പ്രേമചന്ദ്രന് പറയുന്നത്.
സ്ത്രീപ്രവേശനത്തിനു വേണ്ട എല്ലാ വിധ ക്രമീകരണങ്ങളും സൗകര്യങ്ങളും ഒരുക്കാന്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ പൊറോട്ട-ബീഫ് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രേമചന്ദ്രന് പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വരുന്നത് 2018 സെപ്റ്റംബര്‍ 28-നാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിറ്റേന്നുതന്നെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് സ്ത്രീ പ്രവേശന സാധ്യത ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്തത്.
അതിനെത്തുടര്‍ന്നാണ് ഒക്ടോബര്‍ ഒന്‍പതിന് രഹ്ന ഫാത്തിമ പോലീസിന്റെ അകമ്പടിയോടെ സന്നിധാനംവരെ എത്തിച്ചേര്‍ന്നത്. പിന്നീട് ജനുവരി രണ്ടിനാണ് ബിന്ദു അമ്മിണിയും കനകദുര്‍ഗയും മല ചവിട്ടാന്‍ പോലീസ് അകമ്പടിയോടെ അവിടെ എത്തിച്ചേര്‍ന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണാണ് ആദ്യമായി ഈ വിഷയം പത്രസമ്മേളനം വിളിച്ച് ആളുകളെ അറിയിച്ചത്. കോട്ടയത്ത് പോലീസ് ക്ലബ്ബില്‍ പോലീസ് ഉദ്യോഗസ്ഥർ പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തതിന് ശേഷമാണ് അവരെയൊക്കെ മലചവിട്ടാന്‍ കൊണ്ടുപോയത് എന്നത് സംബന്ധിച്ച് കൃത്യമായി അദ്ദേഹം പത്രസമ്മേളനത്തില്‍ അന്ന് പറഞ്ഞിരുന്നുവെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.
സർക്കാരിന് അയ്യപ്പഭക്തിയുണ്ടെങ്കിൽ സുപ്രിംകോടതിയിലെ സത്യവാങ്മൂലവും നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസുകളും പിൻവലിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് നിങ്ങൾ തയാറുണ്ടോ? ഭക്തരും ജനങ്ങളും ഇടപെട്ടില്ലായിരുന്നെങ്കിൽ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴരപൊന്നാന ഏതെങ്കിലും കോടീശ്വരന്റെ വീട്ടിൽ ഇരുന്നേനെ എന്നും പ്രേമചന്ദ്രൻ പറഞ്ഞിരുന്നു.
പൊറോട്ട-ബീഫ് വിഷയത്തില്‍ ബിന്ദു അമ്മിണിയും മറുപടിയുമായി എത്തിയിരുന്നു. ‘ബീഫ് എനിക്കിഷ്ടമാണ്. പക്ഷേ, പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പര്‍ ആണ്’ എന്നായിരുന്നു ബിന്ദു അമ്മിണി പരിഹാസ രൂപേണ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
നേരത്തെ സഹാബരിമയിൽ പോകാനെത്തിയ ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ ആക്രമണം നടന്നിരുന്നു. ശബരിമല സന്ദര്‍ശിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയുടേയും സംഘത്തിന്റെയും ഒപ്പം ചേര്‍ന്ന ബിന്ദു അമ്മിണിക്ക് നേരെ കമ്മീഷണര്‍ ഓഫീസിന് മുന്നിൽ വച്ചാണ് 2019 നവംബറിൽ മുളക് സ്പ്രേ ആക്രമണം ഉണ്ടായത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. കമ്മീഷണര്‍ ഓഫീസിന് മുന്നിൽ പൊലീസുകാര്‍ നോക്കി നിൽക്കെയായിരുന്നു ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നത്. മുളക് സ്പ്രേ ആക്രമണം നടത്തിയ ഹിന്ദു ഹെല്‍പ്പ് ലൈൻ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകൾ ചുമത്തി കേസും എടുത്തിരുന്നു.
ഇപ്പോൾ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും പ്രേമചന്ദ്രനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മനോഹരമായ ആ പേര് ഒരാളില്‍മാത്രം ‘വിഷചന്ദ്രന്‍’ എന്നായിരിക്കും.. ഇതാണ് ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
പൊറോട്ടയും ബീഫും നല്കി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയില്‍ എത്തിച്ച പിണറായി സര്‍ക്കാര്‍ വിശ്വാസത്തെ വികലമാക്കിയെന്നും, എന്നാൽ അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പും ആള്‍ക്കാരുമാണ് പമ്പയില്‍ കഴിഞ്ഞദിവസം ആഗോള അയ്യപ്പസംഗമം നടത്തിയതെന്നും ആയിരുന്നു പ്രേമചന്ദ്രന്റെ പ്രസ്താവന.
ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുകയായിരുന്നു. കഴിഞ്ഞദിവസം ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു പ്രേമചന്ദ്രന്റെ വാക്കുകള്‍.