മുണ്ടക്കൈ ദുരന്തം: പുനരധിവാസ കരട് പട്ടികയില് അര്ഹരായ പല ആളുകളുടേയും പേരില്ല
മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടല് ദുരന്തത്തിലെ പുനരധിവാസ കരട് പട്ടികയില് ഒട്ടേറെ അപാകതകൾ ഉണ്ടെന്ന് ദുരന്തബാധിതരുടെ പരാതികള്. പട്ടികയില് നിരവധി പേരുകള് ഒന്നിലേറെ തവണ വന്നിട്ടുണ്ടെന്നും അര്ഹരായ പലരുടേയും പേര് ഉള്പ്പെടുത്തിയിട്ടില്ലെന്നും ദുരന്ത ബാധിതര് ആരോപിച്ചു. കരട് പട്ടികയ്ക്കെതിരെ ദുരന്തബാധികര് എല്എസ്ജെഡി ജോയിന്റ് ഡയറക്ടറെ പരാതി അറിയിക്കുമെന്ന് ആക്ഷന് കൗണ്സില് ചെയര്മാന് മനു പറഞ്ഞു.
ദുരന്തം നടന്ന് അഞ്ച് മാസം പിന്നിടുകയാണെന്നും ദുരന്തബാധിതര് ഇപ്പോഴും ബുദ്ധിമുട്ടുള്ള സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മനു ചൂണ്ടിക്കാട്ടി. ഇത്രയും കാലമെടുത്ത് തയാറാക്കിയ കരട് പട്ടികയിലാണ് വലിയ അപാകതകളുണ്ടായിരിക്കുന്നത്. വീടുകള് പൂര്ണമായും നഷ്ടപ്പെട്ടവരെയാണ് ഒന്നാം ഘട്ടപട്ടികയില് ഉള്പ്പെടുത്തിയതെന്നാണ് അധികൃതര് പറഞ്ഞത്. ഇതാണ് മാനദണ്ഡമെങ്കില് പൂര്ണമായും വീട് നഷ്ടപ്പെടാത്ത നിരവധി പേരുടെ വിവരങ്ങള് പട്ടികയില് ഉള്പ്പെട്ടിട്ടുണ്ട്. എന്നാല് അര്ഹരായ പലരുടേയും പേരുകള് ഉള്പ്പെട്ടിട്ടുമില്ല. അപാകതകള് പരിഹരിച്ച് അന്തിമ പട്ടിക തയ്യാറാക്കണമെന്നാണ് ദുരന്തബാധിതര് ആവശ്യപ്പെട്ടിരിക്കുന്നത്