‘നവകേരള ബസ്’ വീണ്ടും നിരത്തിൽ; ആദ്യ യാത്രയിൽ ‘ഹൗസ്ഫുൾ’
രൂപമാറ്റം വരുത്തിയ നവകേരള ബസിന്റെ ആദ്യ സർവീസ് ആരംഭിച്ചു. കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോകുന്ന ആദ്യ സർവീസ് തന്നെ ഹൗസ്ഫുൾ ആയിരുന്നു. അഞ്ച് മാസത്തിന് ശേഷമാണ് ബസ് നിരത്തിലിറങ്ങുന്നത്.
നേരത്തെ ബെംഗളൂരുവിലേയ്ക്ക് സർവീസ് നടത്തിയിരുന്ന നവകേരള ബസ് നഷ്ടത്തിലായതോടെ സർവീസ് നിർത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റുകൾ വർദ്ധിപ്പിച്ച്, രൂപമാറ്റം വരുത്തി സൂപ്പർ ഡീലക്സ് ആക്കി സർവീസ് നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചത്. നിലവിൽ ബസിലെ സീറ്റുകളുടെ എണ്ണം 37 ആക്കിയിട്ടുണ്ട്. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മുൻഭാഗത്ത് മാത്രമാകും ഡോർ ഉണ്ടാവുക. ശുചിമുറി ബസിൽ നിലനിർത്തിയിട്ടുണ്ട്. നേരത്തെ 1280 രൂപ ആയിരുന്നു ബസ് നിരക്ക്. ഇപ്പോൾ 930 രൂപയാണ് ഈടാക്കുന്നത്.