വിജയ് ബാബുവിന്റെ അറസ്റ്റിന് തടസമില്ല. വേണ്ടിവന്നാല്‍ വിദേശത്ത് പോകും: സിറ്റി പോലീസ് കമ്മീഷണര്‍
നടന് വിജയ് ബാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മെയ് 16ലേക്ക് മാറ്റിയെങ്കിലും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് തടസം ഇല്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു. പാസ്പ്പോര്‍ട്ടും വിസയും കണ്ടുകെട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ വിദേശത്ത് പോകുമെന്നും കമ്മീഷണര്‍ മാധ്യമങ്ങളോടു പറഞ്ഞു. യുവനടി പരാതി നല്‍കിയതിനു പിന്നാലെ വിജയ് ബാബു ദുബായിലേക്ക് കടന്നിരുന്നു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നെങ്കിലും പരിഗണിക്കുന്നത് വേനലവധിക്കു ശേഷം മെയ് 16ലേക്ക് മാറ്റിയിരുന്നു.
ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കുന്നതിനാലും മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനാലും രാജ്യത്ത് തിരിച്ചെത്തിയാല്‍ വിജയ് ബാബു അറസ്റ്റ് ചെയ്യപ്പെടാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. നടന് കീഴടങ്ങുമെന്ന പ്രതീക്ഷ കമ്മീഷണര്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. നടന്റെ വീട്ടിലടക്കം പോലീസ് നോട്ടീസ് പതിപ്പിച്ചിരുന്നു.
വിമെന്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹറാസ്മെന്റ് (Women Against Sexual Harassment) എന്ന ഫെയ്സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലാണ് പരാതിക്കാരി മീടൂ (#MeToo) ആരോപണം ഉന്നയിച്ചത്. തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്നങ്ങളില്‍ രക്ഷകനെപ്പോലെ പെരുമാറിയ വിജയ് ബാബു അതിന്റെ മറവില്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് യുവതി ആരോപിക്കുന്നു. യുവതി പരാതി നല്‍കിയത് വാര്‍ത്തയായതോടെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വിജയ് ബാബു ഫെയ്സ്ബുക്ക് ലൈവിലുടെ ആരോപണം നിഷേധിച്ചിരുന്നു. ലൈവിനിടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ മറ്റൊരു കേസുകൂടി നിലവിലുണ്ട്.
Content Highlight: Actress assault case: Kochi city police commissioner says no hurdle to arrest Vijay Babu.