പൊലീസിൻറെ കാക്കിയല്ല, ഓട്ടോക്കാരൻറെ കാക്കിയും മാസ്സാണ്; കൊലപാതകിയെ കുടുക്കിയ ഓട്ടോ ഡ്രൈവർ മനോജിന്റെ ആത്മധൈര്യം

ചില കാര്യങ്ങൾ ചെയ്യുന്നവരെ നമ്മൾ തീർച്ചയായും അഭിനന്ദിക്കണം. മനഃസാന്നിധ്യം കൈവിടാതെയുള്ള ഒരു പ്രവർത്തിയിലൂടെ, കേരളാ പോലീസിന്റെ വലിയൊരു കേസ് അന്വേഷണ ചെലവുകളാണ് ഓട്ടോ ഡ്രൈവറായ മനോജ് ഒഴിവാക്കി കൊടുത്തത്.
തൻ്റെ ഓട്ടോറിക്ഷയുടെ പിന്നിൽ രാത്രിയിൽ ഇരുന്ന് യാത്രചെയ്യുന്നത്, ക്രൂരമായ കൊലപാതകം നടത്തിയ ഇതര സംസ്ഥാനക്കാരനാണെന്ന് തിരിച്ചറിഞ്ഞ ഓട്ടോറിക്ഷ ഡ്രൈവർ പെട്ടെന്നാണ് അയാളെ കുരുക്കിയത്.

തന്റെ തൊട്ടു പിന്നിൽ ഇരിക്കുന്നത്, മൊറാഴയിൽ സഹപ്രവര്‍ത്തകനെ ക്രൂരമായി വെട്ടിക്കൊന്ന പ്രതിയാണെന്ന് വ്യക്തമായെങ്കിലും, ഒട്ടും പതറി പോകാതെ, മന:സാന്നിധ്യം വെടിയാതെ തന്ത്രപൂര്‍വ്വം പ്രതിയെ വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് ഡ്രൈവർ മനോജ് നാടിന് അഭിമാനമായത്.
ഇന്നലെ അതായത് ഞായറാഴ്ച്ച രാത്രി 8.20 ന് മൊറാഴ കൂളിച്ചാലില്‍ ഇതര സംസ്ഥാന തൊഴിലാളിയായ ഇസ്മായില്‍ എന്ന ദാലിംഖാനെ വെട്ടിക്കൊന്ന പ്രതി ഗുഡ്ഡു രക്ഷപ്പെടാന്‍ വിളിച്ചത് മനോജ്കുമാറിന്റെ ഓട്ടോ ആയിരുന്നു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകാനാണ് ഓട്ടോ വിളിച്ചത്. യാത്രക്കാരനുമായി പോകുമ്പോളും ഈ കൊലപതാകവിവരം മനോജ് അറിഞ്ഞിരുന്നില്ല. വളപട്ടണത്ത് എത്തിയപ്പോഴാണ് കൊലപാതകം നടന്ന വിവരം ഒരു സുഹൃത്ത് ഫോണില്‍ വിളിച്ച് അറിയിക്കുന്നത്. അതോടെ പ്രതി തന്റെ വണ്ടിയിലെ യാത്രക്കാരനാണെന്ന് മനോജിന് മനസിലായി. ആദ്യം ഒരു നടുക്കമുണ്ടായെങ്കിലും, ധൈര്യത്തോടെ തന്നെ മനോജ് ആ അവസരം വിനിയോഗിച്ചു.
കളരിവാതുക്കല്വഴി ഓട്ടോ നേരെ വളപട്ടണം പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. വിവരം അറിഞ്ഞ വളപട്ടണം പൊലിസ് ഉടന്‍ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു.
മനോജിന്റെ ഇടപെടല്‍ കാരണമാണ് കൊലപാതക കേസിലെ പ്രതിയെ പെട്ടെന്ന് അറസ്റ്റ ചെയ്യാന്‍ പോലീസിന് സാധിച്ചത്. പ്രതിയെ പിടികൂടാൻ സഹായിച്ചതിന്കണ്ണൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി മനോജിനെ അഭിനന്ദിക്കുകയും ചെയ്തു.
പൊലിസിന്റെ കാക്കിയല്ലെങ്കിലും, ഓട്ടോ ഡ്രൈവറുടെ കാക്കിയിലും കുറ്റവാളികളെ അകത്താക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കണ്ണൂരിലെ മനോജ്കുമാർ എന്ന ഓട്ടോറിക്ഷ ഡ്രൈവര്‍. തന്റെഓട്ടോറിക്ഷയില് കയറിയത് കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ ഒരു സാധാരണ വ്യക്തി അങ്ങേയറ്റം പരിഭ്രാന്തിയിൽ ആയിരിക്കും. സഹപ്രവര്‍ത്തകനെ ക്രൂരമായി വെട്ടിക്കൊന്ന ഒരാൾ, താൻ റെയിവേ സ്റെഷനിലേക്കല്ല, പകരം പോലീസ് സ്റേഷനിലേക്കാണ് വണ്ടി ഓടിക്കുന്നത് എന്ന് മനസ്സിലായാൽ ഒരു ആക്രമണം നടത്താൻ മടിക്കില്ലെന്നും മനോജിന് അറിയാമായിരുന്നു. ആ സമയത്ത് കാണിച്ച മനോധൈര്യമാണ് മനോജിനെ വ്യത്യസ്തൻ ആക്കുന്നത്.
ദീർഘകാലം മുംബൈയിൽ ആയിരുന്ന മനോജിന് അനായാസം ഹിന്ദി ഭാഷ സംസാരിക്കാൻ അറിയുന്നതിനാൽ സംശയം തോന്നാത്ത വിധം പ്രതിയെയും കൊണ്ട്, വഴി മാറ്റി സഞ്ചരിച്ച്, അടുത്തുള്ള വളപട്ടണം പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ സാധിച്ചു.
ഈ കുറ്റവാളി റെയിൽവേ സ്റ്റേഷനിൽ എത്തി, ട്രെയിനിൽ പോയിരുന്നെങ്കിൽ, അത് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഒരു അന്വേഷണത്തിലെ അവസാനിക്കുകയുള്ളൂ. അതും പ്രതിയെ പിടികൂടുമെന്ന് യാതൊരു ഉറപ്പും ഇല്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എത്തപ്പെട്ട ഒരു കുറ്റവാളിയെ അവിടെ നിന്നും അറസ്റ്റ് ചെയ്ത് നാട്ടിലേക്ക് എത്തിക്കുക എന്നത് ദുഷ്കരവും ചെലവേറിയതുമായ ഒരു പണിയാണ്. മനോജ് എന്ന ഓട്ടോക്കാരന്റെ ധൈര്യം മൂലം മിനിറ്റുകൾക്കുള്ളിൽ ഒരു കുറ്റവാളി പോലീസിന്റെ കയിൽ എത്തിക്കപ്പെട്ടു.
അഭിനന്ദനം മാത്രമല്ല, മറ്റു പാരിതോഷികങ്ങളും അർഹിക്കുന്നുണ്ട് മനോജ്കുമാർ എന്ന ഓട്ടോ തൊഴിലാളി.