മൂന്നാം നിലയിൽ നിന്നു തെങ്ങു വഴി ചാടി പൊലീസിനു നേരെ തോക്കു ചൂണ്ടി: ‘ജെറ്റ് സന്തോഷ്’ അറസ്റ്റിൽ
വീടിന്റെ മൂന്നാം നിലയിൽ നിന്നു തെങ്ങു വഴി ചാടിയശേഷം പൊലീസിനു നേരെ തോക്കു ചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. റിട്ട. എഎസ്ഐയുടെപൊലീസിനെ വെട്ടിച്ചു നടന്ന പള്ളിത്തുറ പുതുവൽ പുരയിടത്തിൽ സന്തോഷ് (ജറ്റ് സന്തോഷ് (42) ആണ് പിടിയിലായത്. പരോളിലിറങ്ങിയ ശേഷം പൊലീസിനെ വെട്ടിച്ചുനടന്ന സന്തോഷിനെ പിടികൂടാനുള്ള ശ്രമത്തിനിടെ റിവോൾവർ കൊണ്ടുള്ള ഇടിയേറ്റ് തുമ്പ സ്റ്റേഷനിലെ സിപിഒ ബിനുവിന് നെറ്റിയിൽ പരുക്കേറ്റു.
പള്ളിത്തുറയിലെ തന്റെ വീട് തുമ്പ പൊലീസ് വളഞ്ഞു എന്ന് മനസ്സിലാക്കിയ സന്തോഷ് മൂന്നാം നിലയിൽ നിന്നും വീടിനോട് ചേർന്ന് നിൽക്കുന്ന തെങ്ങ് വഴി താഴെയിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് പിടികൂടിയത്. കൈയിലുണ്ടായിരുന്ന റിവോൾവർ എടുത്ത് പൊലീസുദ്യോഗസ്ഥർക്ക് നേരേ ചൂണ്ടി വെടിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെയാണ് റിവോൾവർ കൊണ്ട് സിപിഒ ബിനുവിൻ്റെ തലയിൽ ഇടിച്ചത്.
1998-ൽ ചെമ്പഴന്തി സ്വദേശിയായ റിട്ട. എഎസ്ഐ കൃഷ്ണൻകുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പരോളിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ജെറ്റ് സന്തോഷ്. കുപ്രസിദ്ധഗുണ്ടയായിരുന്ന എൽടിടി കബീറിന്റെ സംഘത്തിനൊപ്പമായിരുന്നു ഇയാൾ റിട്ട. എഎസ്ഐ കൃഷ്ണൻകുട്ടിയെ കൊലപ്പെടുത്തിയത്. ആ കേസിലെ ഒന്നാം പ്രതിയായിരുന്ന എൽടിടി കബീറിനെ പിന്നീട് അട്ടക്കുളങ്ങര സബ്ജയിലിനു സമീപം പൊലീസ് വാനിൽ നിന്നിറങ്ങുമ്പോൾ ഒരു സംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു.
നേരത്തേയും ജെറ്റ് സന്തോഷ് പൊലീസിനു നേരെ തോക്കുചൂണ്ടി രക്ഷപ്പെട്ടിട്ടുണ്ട്. തുമ്പ എസ്എച്ച്ഒ വി. ശിവകുമാർ, എസ്ഐമാരായ എൻ. അശോക് കുമാർ,ഇൻസാമാം തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.