സജി ചെറിയാനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം;
ഭരണഘടനാ നിന്ദ നടത്തിയ സജി ചെറിയാനെതിരായ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. മന്ത്രിക്കെതിരായ പ്രതിഷേധം യുഡിഎഫ് ഇന്ന് നിയമസഭയിലും ഉയർത്തും. മന്ത്രി സജി ചെറിയാന്റെ വിശദീകരണം ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് യുഡിഎഫ്. മന്ത്രി ഭരണഘടനയെ നിന്ദിച്ചുവെന്ന് കാട്ടി ഇന്ന് നിയമസഭയിൽ റൂൾ 50 പ്രകാരം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കൂടാതെ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുന്നുവെന്ന വിമർശനവും പ്രതിപക്ഷം ഉയർത്തും.
രാഷ്ട്രീയ പ്രതിഷേധത്തിന്റെ കൂടെ ഗവർണർക്ക് പരാതി നൽകിയും നിയമപോരാട്ടത്തിന് അരങ്ങൊരുക്കാനുമാണ് പ്രതിപക്ഷ തീരുമാനം. ഇന്നലെ ഗവർണറെ കണ്ട കെപിസിസി സംഘം ഇടപെടൽ ആവശ്യപ്പെട്ടു. മറുവശത്ത് ഡിജിപി അടക്കമുള്ളവർക്കും കോൺഗ്രസ് നേതാക്കളും യൂത്ത് കോൺഗ്രസും പരാതി നൽകി കഴിഞ്ഞു. വിഷയത്തിൽ കേസ് എടുക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. സഭയ്ക്ക് പുറത്ത് സംസ്ഥാന വ്യാപകമായി സമരം ശക്തിപ്പെടുത്താനും കോൺഗ്രസ് തീരുമാനിച്ചട്ടുണ്ട്.
Content Highlights: Opposition ,toughen, against Saji Cherian