പി സി ജോർജുമായി പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു
വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ പി സി ജോർജിനെയും കൊണ്ട് ഫോർട്ട് പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന ഡോക്ടർ വിധിയെഴുതിയതിന് പിന്നാലെയാണ് ജോർജുമായി അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചത്. വൈകീട്ട് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പതിവ് വൈദ്യപരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മർദത്തിൽ വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയത്. പിന്നീട് വിശദമായ വൈദ്യ പരിശോധനക്ക് ശേഷമാണ് പി സി ജോർജിനെ ഡിസ്ചാർജ് ചെയ്തത്.
വെണ്ണലയിലെയും തിരുവനന്തപുരത്തെയും വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് ഇന്ന് വൈകീട്ടാണ്. പാലാരിവട്ടം പൊലീസും ഫോർട്ട് പൊലീസും പി സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം പലാരിവട്ടം സ്റ്റേഷനിൽ എത്തിയാണ് ഫോർട്ട് പൊലീസ് പി സി ജോർജിനെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനക്ക് ശേഷം ഫോർട്ട് പൊലീസിന് കൈമാറാനിരിക്കെയാണ് രക്തസമ്മർദത്തിൽ വ്യത്യാസം കണ്ടത്. സിറ്റി ഏ ആർ ക്യാമ്പിൽ നിന്ന് ചോദ്യം ചെയ്യൽ പൂർത്തീകരിച്ച ശേഷം ഫോർട്ട്പലീസിനൊപ്പം പോവുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
പി സി ജോർജ് നാളെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് നാളെ ഹൈക്കോടതിയിൽ ഹരജി നൽകുന്നത്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന പേരിൽ തെറ്റായ വിവരങ്ങൾ തിരുവനന്തപുരത്തെ കോടതിയിൽ നൽകിയാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കിയതെന്നാണ് പി സി ജോർജിന്റെ അഭിഭാഷകൻ ഉന്നയിക്കുന്ന വാദം.
ജാമ്യം റദ്ദാക്കിയ തിരുവനന്തപുത്തെ കോടതിയുടെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്. നാളെ തന്നെ ഹരജി പരിഗണിക്കണമെന്ന ആവശ്യവും പി സി ജോർജ് ഹൈക്കോടതിയിൽ ഉന്നയിക്കും.വെണ്ണല വിദ്വേഷ പ്രസംഗത്തിന്റെ കാര്യത്തിലുണ്ടായ കോടതി ഇടപെടലുകൾ വിശദമായി നാളെ പ്രോസിക്യൂട്ടർ ഹൈക്കോടതിയെ അറിയിക്കും
Content Highlights : P C George Arrest and back to Thiruvananthapuram