നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കി, പി ശശിയുടെ പങ്ക് പരിശോധിക്കണം; പി വി അൻവർ
എഡിഎം നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പി വി അൻവർ എംഎൽഎ. പി ശശിയുടെ രഹസ്യങ്ങൾ നവീൻ ബാബുവിന് അറിയുമായിരുന്നുവെന്നും നിയമവിരുദ്ധമായ പല കാര്യങ്ങളും ചെയ്യാൻ പി ശശി നിർബന്ധിക്കുന്നുവെന്ന് നവീൻ ബാബു അടുപ്പക്കാരോട് പറഞ്ഞിരുന്നുവെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
നവീൻ ബാബുവിന്റെ പോസ്റ്റ്മാർട്ടം, ഇൻക്വസ്റ്റ് റിപ്പോർട്ടുകളിൽ പൊലീസിന്റെ കള്ളക്കളി നടന്നിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികളിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. എന്നാൽ നവീൻ ബാബുവിന്റെ നടപടികളിൽ അത് ഉണ്ടായിട്ടില്ല.
പൊലീസ് നടപടികളിലും ദുരൂഹതയുണ്ട്. അര സെന്റിമീറ്റർ വീതിയുള്ള കയറിൽ തൂങ്ങി എന്നാണ് പൊലീസ് പറയുന്നത്. നവീൻ ബാബുവിന്റെ ഭാരം കണക്കാക്കിയാൽ കയർ പൊട്ടി വീഴേണ്ടതാണെന്നും കയറിന്റെ മാതൃക കാണിച്ചുകൊണ്ട് അൻവർ പറഞ്ഞു.ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ആരുടെയൊക്കെയോ താല്പര്യം സംരക്ഷിക്കുംവിധമാണ് റിപ്പോർട്ടുകൾ തയ്യാറാക്കിയത്. കേസിൽ കക്ഷി ചേരുമെന്നും പി ശശിയുടെ പങ്ക് പരിശോധിക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.