ചത്ത മാനിൻ്റെ ഇറച്ചി ഭക്ഷിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം പാലോട് ചത്ത മാനിൻ്റെ ഇറച്ചി ഭക്ഷിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സംരക്ഷിതമൃഗമായ കേഴ മാനിന്റെ മാംസം പങ്കിട്ടെടുക്കുകയും ആഹാരമാക്കുകയും ചെയ്തതിനാണ് പാലോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ ലാൽ, ബീറ്റ് ഓഫീസർ എസ് ഷജീദ് എന്നിവരെ സസ്പെൻഡ് ചെയ്തത്.
മേയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പാലോട് ഫോറസ്റ്റ് റേഞ്ചിലുൾപ്പെട്ട പച്ചമല സെക്ഷനിലെ ബീറ്റ് ഫോറസ്ററ് ഓഫീസർ എസ് ഷജീദ് താത്കാലിക വാച്ചർ സനൽ രാജിനൊപ്പം ചത്ത കേഴ മാനിന്റെ മാംസം ശേഖരിക്കുകയും അതിൽ ഒരു ഭാഗം ആഹാരത്തിനായി കൊണ്ട് പോവുകയും അവശേഷിച്ചത് കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. മേലുദ്യോഗസ്ഥർക്കു ഇത് സംബന്ധിച്ച് പരാതി ലഭിച്ചപ്പോൾ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്ന് പാലോട് റേഞ്ച് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകുകയായിരുന്നു.
സംഭവത്തിൽ വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയത്. ആരോപണവിധേയരുടെ ഭാഗത്ത് നിന്ന് കൃത്യവിലോപവും,അനാസ്ഥയും ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
പാലോട് റേഞ്ച് ഫോറസ്ററ് ഓഫീസറെയും, സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ബന്ധപ്പെട്ട മറ്റു ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെയും സ്ഥലം മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ബീറ്റ് ഫോറസ്ററ് ഓഫീസർ ഷജീദ്, താത്കാലിക വാച്ചറായിരുന്ന സനൽ രാജ് എന്നിവർക്കെതിരെ വന്യ ജീവി നിയമപ്രകാരം വനം വകുപ്പ് കേസെടുക്കുകയും ചെയ്തു.