പിസി ജോർജ് അറസ്റ്റിൽ; അറസ്റ്റ് രേഖപ്പെടുത്തിയത് രണ്ട് കേസുകളിൽ
വിദ്വേഷ പ്രസംഗക്കേസിൽ മുൻ എംഎൽഎ പിസി ജോർജ് അറസ്റ്റിൽ (PC George Arrested). തിരുവനന്തപുരത്തും വെണ്ണലയിലും നടത്തിയ വിദ്വേഷപ്രസംഗങ്ങളുടെ പേരിൽ വെവ്വേറെ രജിസ്റ്റർ ചെയ്തിരുന്ന കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചി മറൈൻ ഡ്രൈവിന് സമീപമുള്ള സിറ്റി എ ആർ ക്യാമ്പിൽ കസ്റ്റഡിയിലായിരുന്ന ജോർജിനെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്നെത്തിയ പ്രത്യേക പൊലീസ് സംഘമാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗത്തിൽ ജോർജിൻ്റെ ജാമ്യം വഞ്ചിയൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയിരുന്നു. ഇതിനിടെ വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ട് ജോർജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. രണ്ട് കേസിലും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തെ വിഴിഞ്ഞം സിഐ പ്രജീഷ് സജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറുകയായിരുന്നു.
കോടതിയുടെ വിലക്കുള്ളതിനാൽ പ്രതികരിക്കാനാവില്ലെന്നായിരുന്നു പിസി ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഹൈക്കോടതി മിണ്ടാൻ പറയുമ്പോൾ മാധ്യമങ്ങളെ വിളിച്ചുവരുത്തി പ്രതികരിക്കാമെന്നായിരുന്നു ജോർജ് പറഞ്ഞത്.
പിസി ജോർജിനെ കസ്റ്റഡിയിലെടുക്കുമ്പോൾ നാടകീയ സംഭവങ്ങളായിരുന്നു പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണനും, ശോഭ സുരേന്ദ്രനുമടക്കമുള്ള മുതിർന്ന ബിജെപി നേതാക്കള്‍ പാലാരിവട്ടം സ്റ്റേഷനിലേക്കെത്തി. ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോള്‍ ബിജെപി പ്രവർത്തകർ കനത്ത പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു. ഇതിനിടെ പിഡിപി പ്രവർത്തകർ ജോർജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്റ്റേഷനു മുന്നിൽ സമരം ചെയ്തിരുന്നു.