തിരുവനന്തപുരം വിദ്വേഷപ്രസംഗം; പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി
തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. കേസിന്റെ വാദത്തിനിടെ വെണ്ണല വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോയും കോടതി പരിശോധിച്ചിരുന്നു.
അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് ജോര്‍ജിനെതിരെ കേസെടുത്തത്. ഫോര്‍ട്ട് പോലീസ് ഈരാറ്റുപേട്ടയിലെത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്യുകകയും അന്നേ ദിവസം തന്നെ കോടതി ജോര്‍ജിന് ജാമ്യം നല്‍കുകയുമായിരുന്നു. ഉപാധികളോടെയായിരുന്നു ജാമ്യം. സാക്ഷിയെ സ്വാധീനിക്കരുത്, വിദ്വേഷം പ്രചരിപ്പിക്കരുത് വിവാദ വിഷയങ്ങളിൽ ഇടപെടരുത് തുടങ്ങിയവയായിരുന്നു ജാമ്യ വ്യവസ്ഥകള്‍.
ഈ കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു. ഈ കേസില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെ ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കുകയും കോടതി വ്യാഴാഴ്ച വരെ ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു.
ഇന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് കൈപ്പറ്റിയ ജോര്‍ജ് ഇന്ന് ഹാജരാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Content Highlight: PC Georges bail scrapped