പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട്: വിഡിയോ ചിത്രീകരണം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി

ശബരിമലയില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നത് തടയാനാകില്ലെങ്കിലും തിരുമുറ്റത്തും സോപാനത്തിന് മുന്നിലും ഭക്തര്‍ ഫോണില്‍ വിഡിയോ ചിത്രീകരിക്കുന്നത് നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. പതിനെട്ടാംപടിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പുറംതിരിഞ്ഞ് നിന്ന് ഫോട്ടോയെടുത്തതില്‍ കോടതി റിപ്പോര്‍ട്ട് തേടി. ശബരിമല തീര്‍ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേരള ഹൈക്കോടതി ഇന്ന് വിശദമായി പരിശോധിക്കും.
പൊലീസിന്റെ സേവനം സ്തുത്യര്‍ഹമാണെങ്കിലും ഇത്തരം പ്രവണത ആശാസ്യമല്ലെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് എസ് മുരളീകൃഷ്ണയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഒട്ടേറെ പ്രത്യേകതയുള്ള ശബരിമലയില്‍ ക്ഷേത്ര മര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഉച്ചയ്ക്ക് ഇടവേളയിലാണ് ഫോട്ടോ എടുത്തതെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
ശബരിമലയില്‍ ഡിസംബര്‍ ഒന്നുമുതല്‍ ആറുവരെ സുരക്ഷ ശക്തമാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ശബരിമല ചീഫ് പൊലീസ് കോ ഓര്‍ഡിനേറ്റര്‍ മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.