“അയാളുടെ കണ്ണും മുഖവുമെല്ലാം കറുപ്പല്ലേ? കറുപ്പ് കണ്ടാല്‍ പേടിക്കുന്ന പിണറായി വിജയന് എംഎം മണിയെ കണ്ടാല്‍ എന്തുചെയ്യും?”: വർണവെറിയുമായി ലീഗ് നേതാവ് പികെ ബഷീർ
മുതിർന്ന സിപിഐ എം നേതാവും മുൻ വൈദ്യുതമന്ത്രിയുമായ എംഎം മണിയ്ക്കെതിരെ വർണവെറി നിറഞ്ഞ പ്രസ്താവനയുമായി മുസ്ലീം ലീഗ് നേതാവ് പികെ ബഷീർ. മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ കറുത്ത വസ്ത്രം ധരിച്ചവരെ വിലക്കിയെന്ന തരത്തിലുള്ള മാധ്യമവാർത്തകൾ പരാമർശിച്ചുകൊണ്ടായിരുന്നു ബഷീറിൻ്റെ പ്രസ്താവന. കറുപ്പ് കണ്ടാല്‍ പേടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയില്‍ ചെല്ലുമ്പോള്‍ എംഎം മണിയെ കണ്ടാല്‍ എന്തുചെയ്യുമെന്നും അദ്ദേഹം കറുത്ത നിറമുള്ളയാളല്ലേയെന്നുമായിരുന്നു പികെ ബഷീറിന്റെ പരിഹാസം.
“കറുപ്പ് കണ്ടാൽ പിണറായിക്ക് പേടി, പർദ്ദ കണ്ടാലും ഇയാൾക്ക് പേടി. നാളെ സംസ്ഥാന കമ്മിറ്റിയിൽ പോവുമ്പോൾ എംഎം മണിയെ കണ്ടാൽ എന്തായിരിക്കും സ്ഥിതി? കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ?” എന്നായിരുന്നു ബഷീറിൻ്റെ പരാമർശം. വയനാട്ടിലെ കൽപ്പറ്റയിൽ വെച്ച് നടന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ബഷീർ. സാദിഖലി ഷിഹാബ് തങ്ങൾ പങ്കെടുത്ത യോഗത്തിലാണ് സംഭവം.
ബഷീറിൻ്റെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്. എംഎം മണിയ്ക്കെതിരായ വർണവെറിയാണ് പുറത്ത് വന്നതെന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.