സ്റ്റേഷനിൽ എത്തിച്ച്, അടിച്ച് ചെവിക്കല്ല് തെറിപ്പിച്ച് പൊലീസ്; യൂത്ത് കോൺഗ്രസ്സ് നേതാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ആണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വിവരാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരമാണ് ഈ ദൃശ്യങ്ങൾ ലഭിച്ചത്. 2023 ഏപ്രിൽ അഞ്ചാം തീയതി ചൊവ്വന്നൂരിൽ വെച്ചാണ് സംഭവം നടന്നത്.
വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസുകാർ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത്, എന്താണ് കാര്യം എന്ന് തിരക്കിയിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ നുഹ്മാൻ, സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ചേർന്ന് മർദ്ദിക്കുകയുമായിരുന്നു.
ജീപ്പിൽ നിന്ന് സുജിത്തിനെ ഇറക്കി ഉള്ളിലേക്ക് കയറ്റുമ്പോൾ തന്നെ പൊലീസുകാർ മര്ദദനം തുടങ്ങുന്നുണ്ട്. മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും അവരുടെ കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്ഐആർ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി അയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു.
തുടർന്ന് കോടതിയുടെ നിർദ്ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയിൽ പൊലീസ് ആക്രമണത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചുവെന്ന കാര്യവും പുറത്ത് വന്നു.
പിന്നാലെ സുജിത്ത് പൊലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. എന്നാൽ പൊലീസ് ഈ പരാതിയിൽ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് തെളിവുകൾ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുന്നംകുളം പൊലീസുകാർക്കെതിരെ നേരിട്ട് കേസെടുത്തു.
സുജിത്ത് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും അതൊന്നും കൊടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. സുജിത്ത് നൽകിയ അപ്പീൽ അപേക്ഷയിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ നൽകാൻ ഉത്തരവിട്ടു.
വിവരാവകാശ കമ്മീഷൻ പൊലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വരുത്തി രണ്ട് പേരുടെയും വാദം കേട്ടു. തുടർന്ന് സുജിത്ത് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ നൽകാവാൻ കർശന നിർദേശം നൽകുകയായിരുന്നു. സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഇയാൾ ചെയ്ത കുറ്റം എന്താണ് എന്നറിയില്ല. പക്ഷെ കേരളത്തിൽ രാഷ്ട്രീയമായി പക്ഷം പിടിച്ച് കൊണ്ട് കളിക്കുന്ന കുറെ പോലീസ് ക്കാർ ഉണ്ട്. പലരേയും ഇങ്ങനെ പിടിച്ചു കൊണ്ട് പോയ് മർദ്ദിക്കുന്നതും അക്കൂട്ടരാണ്.
കസ്റ്റഡിയിൽ ഉള്ള ആൾക്ക് തിരിച്ചടിക്കാൻ എന്തായാലും കഴിയില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് മർദ്ദനത്തിന് ആവേശവും കൂടും. വാസ്തവത്തിൽ ഇത് ആളുകളിലുള്ള ക്രിമിനൽ ചിന്താഗതി വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
തന്നെ ഒരു കാരണവുമില്ലാതെ തല്ലിയ ഒരുത്തനെ തിരിച്ച് തല്ലുക എന്നൊരു തീരുമാനത്തിലേക്ക് പലരും എത്തും. അപ്പോൾ പിന്നെ ഗുണ്ടാസംഘങ്ങളെ തേടി പോകും. പൈസ കൊടുത്തെങ്കിലും മേൽപ്പറഞ്ഞ പോലീസുകാർക്ക് രണ്ടെണ്ണം കൊടുക്കാൻ ആയിരിക്കും ഇവർ ശ്രമിക്കുന്നത്.
കേരളത്തിൽ ഉണ്ടോയെന്ന് അറിയില്ല. മറ്റു പല സംസ്ഥാനങ്ങളിലും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന സംഘങ്ങളുണ്ടെന്നാണ് പറയുന്നത്. പ്രധാനമായും മെട്രോപൊളിറ്റൻ നഗരങ്ങളായ ബാംഗ്ലൂർ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലൊക്കെ ഇത്തരം ക്രിമിനൽസ് ഉണ്ട്.
അതിൽ പൊലീസുകാരെ നേരിട്ട് ആക്രമിക്കാൻ പറ്റാത്തവർ, ഒന്നുമറിയാത്ത അവരുടെ വീട്ടുകാർക്ക് മേലെയാണ് പലപ്പോളും ആക്രമണം നടത്തുന്നത്. പല കേസുകളിലും ഈ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളെ ആണ് ഉപദ്രവിക്കുന്നത്. ഇതൊക്കെ പിന്നെ അടുത്ത കേസിലേക്ക് നീളുന്നു. ഒരിക്കലും അവസാനിക്കാത്ത ഒരു പരമ്പരയായി ഇത് നടന്നു കൊണ്ടിരിക്കും.
സ്റ്റേഷനിൽ എത്തുന്ന ആളുകളെ കാരണമില്ലാതെ മർദ്ദിക്കാൻ നിൽക്കരുത്. നിയമത്തിന്റെ വഴിയിൽ കൂടിയും, അല്ലാതെയും തിരികെ കിട്ടും. രാഷ്ട്രീയക്കാർക്ക് വേണ്ടി അടിമപ്പണി ചെയ്യുമ്പോൾ ഓർക്കുക നമ്മുടെ കുടുംബത്തിന് ഒരു പ്രശ്നം വന്നാൽ ഇവരൊന്നും കൂടെ ഉണ്ടാകില്ല എന്ന കാര്യം. ഇപ്പോൾ രണ്ടു കൊല്ലം നീണ്ട പോരാട്ടത്തിനൊടുവിൽ ആണ് സുജിത് ഈ ദൃശ്യങ്ങൾ പുറത്ത് കൊണ്ട് വന്നിരിക്കുന്നത്.