ജാമ്യവ്യവസ്ഥ ലംഘിച്ചു; പി സി ജോര്‍ജിനെതിരെ നടപടിയെടുക്കാനൊരുങ്ങി പോലീസ്
ഹാജരാകണമെന്ന നിര്‍ദേശം ലംഘിച്ച് തൃക്കാക്കരയില്‍ പ്രചാരണത്തിന് ഇറങ്ങിയ പി സി ജോര്‍ജിന് എതിര നടപടിയെടുക്കാനൊരുങ്ങി പോലീസ്. ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാണ് പോലീസ് വിലയിരുത്തുന്നത്. ഇക്കാര്യം കോടതിയെ അറിയിക്കാനാണ് നീക്കം. അന്വേഷണത്തോട് സഹകരിക്കണമെന്നും ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാകണമെന്നും ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ശബ്ദപരിശോധനയ്ക്ക് വിധേയനാകണമെന്നുമായിരുന്നു ഫോര്‍ട്ട് അസി.കമ്മീഷണര്‍ ജോര്‍ജിന് നല്കിയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്.
രാവിലെ 11 മണിക്ക് ഹാജരാകണമെന്ന നിര്‍ദേശം ജോര്‍ജ് തള്ളുകയായിരുന്നു. നോട്ടീസ് താന്‍ മൈന്‍ഡ് ചെയ്യുന്നില്ലെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം.
Content Highlights: P C George, Thrikkakkara, Police, Bail, Violation