മെമ്മറി കാര്‍ഡ് കണ്ടെത്താനാകാതെ പോലീസ്; കെഎസ്ആര്‍ടിസി ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യും
മേയര്‍ വിവാദത്തില്‍ കെഎസ്ആര്‍ടിസി ബസിലെ സിസി ടിവി മെമ്മറി കാര്‍ഡ് കണ്ടെത്താനാകാതെ പൊലീസ്. കെഎസ്ആര്‍ടിസി ജീവനക്കാരെ മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും കാര്യമായ തുമ്ബൊന്നും പൊലീസിന് ലഭിച്ചില്ല.
കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സുബിന്, സ്റ്റേഷന് മാസ്റ്റര്‍ ലാല്‍ സജീവ്, ഡ്രൈവര്‍ യദു എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളില്‍ വൈരുധ്യം ഉള്ളതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യും. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യല്‍.
കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ യദുവിനെയും കണ്ടക്ടര്‍ സുബിനെയും സ്റ്റേഷന് മാസ്റ്റര്‍ ലാല്‍ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. മൊഴികളിലെ വൈരുധ്യം പരിശോധിക്കാനാണ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക. സാഫല്യം കോപ്ലക്സിന് മുന്നില്‍ വെച്ചാണ് മേയറും സംഘവും ബസ് തടയുകയും ഡ്രൈവറുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തത്. തുടര്‍ന്ന് പൊലീസെത്തി ഡ്രൈവറെ കസ്റ്റഡിയില്‍ കൊണ്ടു പോവുകയായിരുന്നു. ഇതോടെ കണ്ടക്ടര്‍ക്കായി ബസിന്റെ ഉത്തരവാദിത്വം. മെമ്മറി കാര്‍ഡ് വാങ്ങി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം സ്റ്റേഷന് മാസ്റ്റര്‍ക്കുമുണ്ടായിരുന്നു.
കണ്ടക്ടര്‍ സുബിന് തര്‍ക്കത്തിന് ശേഷം ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന് മാസ്റ്റര്‍ ലാല്‍ സജീവാണെന്നും അതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും പൊലീസ് പറയുന്നു. മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ തനിക്ക് അറിവില്ലെന്ന് ഡ്രൈവര്‍ യദു പൊലീസിനോട് വ്യക്തമാക്കി.