ജനപ്രിയമായി ‘ഹില്ലി അക്വാ’ കുപ്പിവെള്ളം
വിലക്കുറവിലൂടെ ജനപ്രിയമായി ജലവിഭവ വകുപ്പിന്റെ കുപ്പിവെള്ള ബ്രാൻഡ് ‘ഹില്ലി അക്വാ’. ആറ് മാസത്തിനിടെ 5.50 കോടി രൂപയാണ് വിറ്റുവരവ്.
അടുത്ത വർഷം ശീതളപാനീയവും സോഡയും പുറത്തിറക്കും. ഗള്‍ഫിലേക്ക് കുടിവെള്ളം കയറ്റുമതി ചെയ്യാനുള്ള പദ്ധതിയും അന്തിമ ഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന് കീഴിലാണ് പാക്കേജ് ചെയ്ത കുടിവെള്ളം നിർമിച്ച് വില്‍ക്കുന്നത്.
മിതമായ നിരക്കില്‍ ശുദ്ധമായ കുടിവെള്ളം നല്‍കുകയെന്നതാണ് ‘ഹില്ലി അക്വാ’യുടെ ലക്ഷ്യം. തിരുവനന്തപുരം അരുവിക്കരയിലും ഇടുക്കി തൊടുപുഴയിലുമുള്ള ബോട്ട്ലിങ് പ്ലാന്റിലാണ് കുപ്പിവെള്ളം നിർമിക്കുന്നത്. ബി.ഐ.എസ് നിർദേശിച്ച ശുദ്ധീകരണ പ്രക്രിയ പൂർത്തിയാക്കിയാണ് കുപ്പിയിലാക്കുന്നത്. അര ലിറ്റർ ബോട്ടിലിന് പത്തും ഒരു ലിറ്ററിന് 15ഉം രണ്ട് ലിറ്ററിന് 28ഉം അഞ്ച് ലിറ്ററിന് 60ഉം രൂപയാണ് പരമാവധി ചില്ലറ വില്പന വില. ജയിലുകളോട് ചേർന്ന ഫുഡ് ഫാക്ടറികളിലും ഔട്ട്ലറ്റുകളിലും ഒരു ലിറ്റർ കുപ്പിവെള്ളം പത്ത് രൂപക്ക് ലഭിക്കും.