ഗുരുശിഷ്യ ബന്ധത്തിന്റെ ക്രിസ്താനുകരണത്തിൽ വിദ്യാർത്ഥികളുടെ പാദങ്ങൾ കഴുകി ഡിംസ് മീഡിയ കോളേജ് പ്രിൻസിപ്പൽ

ക്രിസ്തു ശിഷ്യ ബന്ധം അനുകരിച്ചു മാർച്ച് 21നു രാവിലെ ഡിംസ് കോളേജ് പ്രിൻസിപ്പൽ Fr.Dr. റോബിൻ ചിറ്റൂപറമ്പിൽ VC, പന്ത്രണ്ടു വിദ്യാർത്ഥികളുടെ പാദങ്ങൾ കഴുകി ചുംബിച്ചു.
പെസഹദിനത്തിൽ ക്രിസ്തീയ ദേവാലയങ്ങളിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിന്റെ ഓർമ ആചരിക്കാറുണ്ട്. എന്നാൽ ഇന്ന് കലാലയങ്ങളിൽ നടക്കുന്ന പോർവിളികൾക്കുള്ള ഒരു നിശബ്ദപ്രതികരണമായീട്ടാണു ഡിംസ് കോളേജ് വിദ്യാർത്ഥികളും അധ്യാപകരും ഈ ആചരണം കോളേജ് അങ്കണത്തിൽ നടത്തിയത്. തുടർന്നു Fr. റോബിൻ ചിറ്റൂപറമ്പിൽ വിദ്യാർത്ഥികൾക്ക് ഈ ആചരണത്തെക്കുറിച്ചുള്ള സന്ദേശം നൽകി.

ഡിംസ് കോളേജിൽ ഇന്നുവരെ തർക്കങ്ങളും പ്രശ്നങ്ങളും ഇല്ല എന്നും ഇവിടെ ഡിഗ്രി പഠിക്കുന്ന മൂന്നുവർഷക്കാലം പോലെ തന്നെ മൂന്നു വർഷം യേശുവിനോപ്പം നടന്ന ശിഷ്യന്മാരോട് യാത്രയാകും മുൻപ് പരസ്പരം സ്നേഹിക്കണമെന്നും എല്ലാവരെയും തുല്യരായി കാണണമെന്നും ഉച്ചനീചത്വങ്ങൾ ഉണ്ടാകരുത് എന്നും യേശു പറഞ്ഞുവെന്നും അന്ന് വരെ അടിമകൾ ചെയ്തിരുന്ന ജോലിയായ പാദം കഴുകൽ എന്ന പ്രവൃത്തി ചെയ്തുകൊണ്ട് യേശു ശിഷ്യരുടെ പാദങ്ങൾ കഴുകി ആ മാതൃക നൽകി എന്നുമുള്ള ചരിത്രം അദ്ദേഹം പങ്കുവച്ചു.

ഇത് എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കലാലയ അന്തരീക്ഷങ്ങൾക്കും ഒരു സന്ദേശം ആകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പ്രിൻസിപ്പൽ പാദങ്ങൾ ചുംബിച്ചതിന് സാക്ഷ്യം വഹിച്ചപ്പോൾ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ പങ്കുവച്ചു നിറ കണ്ണുകളോടെയാണ് വിദ്യാർത്ഥികൾ ക്ലാസ്സ് മുറികളിലേക്ക് പ്രവേശിച്ചത്.