കെഎസ്ആര്‍ടിസി ബോര്‍ഡും വച്ച് ‘സ്വകാര്യ ബസ്’; തടഞ്ഞ് പൊലീസ്; ആദ്യ സര്‍വീസ് ഗണേശ് കുമാറിന്റെ നാട്ടില്‍
കെഎസ്ആർടിസിയുടെ ബോർഡും വച്ച് ഓടുന്ന ഒരു സ്വകാര്യ ബസ്. ആദ്യം കണ്ട യാത്രക്കാർ ഒന്നടങ്കം ചോദിച്ചു ഇത് എന്ത് പുകില്, ബസ് ചീറിപ്പായുന്നത് കണ്ട ട്രാഫിക് പൊലീസ് ബസ് തടഞ്ഞ് പരിശോധിക്കുന്നു.
ഡിപ്പോയിലേക്ക് കയറാൻ ശ്രമിക്കുമ്ബോള്‍ സെക്യൂരിറ്റി ജീവനക്കാർ ബസ് തടയുന്നു. ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിന്റെ പത്തനാപുരത്തേക്ക് ഒരു ബസ് ഓടിയപ്പോള്‍ സംഭവിച്ച കാര്യങ്ങളാണിത്. പൊലീസുകാരോടും യാത്രക്കാരോടും ബസിലെ ജീവനക്കാർ കാര്യം പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി.
വാഹനനിർമ്മാതാക്കളായ ഐഷർ തങ്ങളുടെ വാഹനം കെഎസ്ആർടിസിക്ക് ടെസ്റ്റ് ഡ്രൈവിംഗിന് നല്‍കിയിരുന്നു. ഈ ബസാണ് എല്ലാവരെയും കുഴക്കിയത്. നേരത്തെ കോഴിക്കോട് സർവീസ് നടത്തിയിരുന്ന ഈ ബസ് കമ്ബനി തന്നെ ഏറ്റെടുത്ത് കെഎസ്ആർടിസിക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച ടെസ്റ്റ് ഒരു മാസത്തോളം നീണ്ടുനില്‍ക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. മലയോര പാതകളില്‍ അടക്കം സർവീസ് നടത്തുന്ന ഈ ബസിന്റെ ടെസ്റ്റിംഗ് വിജയം കണ്ടാല്‍ കൂടുതല്‍ ബസുകള്‍ വാങ്ങാൻ കരാറില്‍ ഏർപ്പെടും. നിലവില്‍ മൂന്ന് കമ്ബനികളുടെ ബസാണ് ഇത്തരത്തില്‍ സർവീസ് നടത്തുന്നത്. നേരത്തെ മറ്റൊരു ബസും പരീക്ഷണ ഓട്ടം നടത്താൻ പത്തനാപുരം ഡിപ്പോയില്‍ എത്തിച്ചിരുന്നു.