മണിച്ചന്റെ മോചനം: ഗവർണറുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ സംസ്ഥാന സർക്കാർ
കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചനെ ജയിൽ മോചിതനാക്കുന്ന കാര്യത്തിൽ ഗവർണറുടെ ചോദ്യങ്ങൾക്ക് സർക്കാറിന്റെ മറുപടി വൈകുന്നു. താരതമ്യേന ചെറിയ കുറ്റം ചെയ്തവരെ ഒഴിവാക്കി മണിച്ചനെ പോലെ സമൂഹത്തിന് ഒന്നടങ്കം അപകടം വരുത്തിവെച്ചവരെ മോചിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ എന്താണെന്ന് അറിയിക്കണമെന്ന് ഗവർണർ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും സുപ്രീം കോടതി വിധിയും ഉദ്ധരിച്ച് മറുപടി നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഇതുവരെ ഒന്നും നടന്നില്ല.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് എന്ന് ആഘോഷ പരിപാടിയുടെ ഭാഗമായിട്ടാണ് മണിച്ചനടക്കമുള്ളവരുടെ ശിക്ഷ ഇളവ് ചെയ്യാൻ സർക്കാർ ശുപാര്ശ ചെയ്തത്. സർക്കാർ നടപടി വിവേചനപരമാണെന്നും അത് എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് ഫയൽ ഗവർണർ തിരിച്ചയക്കുകയായിരുന്നു. ഒരാഴ്ച മുൻപാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫയൽ തിരിച്ചയത്. സർക്കാറിനോട് ചോദിച്ച വിശദീകരണത്തിന് ഒരു മറുപടിയും ഗവർണർക്ക് ലഭിച്ചിട്ടില്ല.
സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് നാലാഴ്ചക്കകം മണിച്ചന്റെ ജയിൽമോചനം സംബന്ധിച്ച കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണം. ആ സമയമപരിധി തീരാൻ ഇനി രണ്ടാഴ്ച കൂടിയേ അവശേഷിക്കുന്നുള്ളൂ. സർക്കാർ വിശദീകരണം നൽകാൻ വൈകുന്നതിനുസരിച്ച് ഗവർണറുടെ തീരുമാനവും വൈകും.
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും പേരറിവാളൻ കേസിലെ സുപ്രീംകോടതി വിധിയും ഉദ്ധരിച്ച് മറുപടി നൽകാൻ തീരുമാനിച്ചെങ്കിലും അതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഗവർണർ സർക്കാറിനോട് ആരാഞ്ഞ കാര്യങ്ങളിൽ നാലെണ്ണം പ്രധാനപ്പെട്ടതാണ്. അതിൽ നിലപാട് വൈകുന്നതാണ് തീരുമാനം വൈകുന്നതിന്റെ പ്രധാന കാരണം. ജൂൺ ഇരുപതിന് മുൻപ് സുപ്രീംകോടതി നിർദേശം നടപ്പിലാക്കിയില്ലെങ്കിൽ വിമർശനം ഏൽക്കേണ്ടി വരും എന്ന് മാത്രമല്ല പേരറിവാളനെ മോചിപ്പിച്ച പോലെ കോടതി സ്വമേധയാ തീരുമാനമെടുക്കാനുള്ള സാധ്യതയും മുന്നിലുണ്ട്.
Content Highlight: Manichan, Release of Manichan, Kalluvathukkal hooch tragedy, Kerala Governor, Kerala Government