രക്ഷാദൗത്യം ഊര്‍ജിതം; ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്ന് പരിശോധന
ഉരുള്‍പ്പൊട്ടലില്‍ കാണാതായവർക്കുള്ള തിരച്ചില്‍ ഇന്ന് ഊർജിതമാക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്ററിലെ എട്ടു പോലീസ് സ്റ്റേഷൻ അതിർത്തികളില്‍ ഇന്ന് പരിശോധന നടത്തുമെന്ന് മന്ത്രിതല ഉപസമിതി അറിയിച്ചു.
പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാകും ചാലിയാറിന്റെ തീരങ്ങളില്‍ തിരച്ചില്‍ നടത്തുക. കോസ്റ്റ് ഗാർഡ്,ഫോറസ്റ്റ്, നേവി ടീമും ഇവിടെ തിരച്ചില്‍ നടത്തും. മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇന്നുമുതല്‍ ആറു സോണുകളായി തിരിച്ച് 40 ടീമുകളാകും തിരച്ചിലിന് രംഗത്തുണ്ടാകുക.
അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണെന്ന് മന്ത്രിതല സമിതി വ്യക്തമാക്കിയിട്ടുണ്ട്.
സൈന്യം, എൻഡിആർഎഫ്, ഡിഎസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഇതിന് പുറമെ ഇന്നുമുതല്‍ ചാലിയാർ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയിലും തിരച്ചില്‍ നടത്തും.