ഉത്സവ പരിപാടിയില്‍ വിപ്ലവ ഗാനം;അന്വേഷണം ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ്

ഉത്സവ പരിപാടിയില്‍ വിപ്ലവ ഗാനം പാടിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് . കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്ര ഉപദേശ സമിതിക്ക് നോട്ടീസ് നല്‍കിയതായും പ്രസിഡൻ്റ്പി എസ് പ്രശാന്ത് പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടാല്‍ കൃത്യമായ നടപടി ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.
ഏത് ക്ഷേത്രമാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയോ ചിഹ്നമോ പാടില്ലെന്നും ഇക്കാര്യത്തില്‍ കൃത്യമായ കോടതി വിധിയുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ക്ഷേത്രോപദേശ സമിതികളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗങ്ങള്‍ ഉണ്ടാകുമെന്നും അതില്‍ കുഴപ്പമില്ലെന്നും പ്രശാന്ത് പറഞ്ഞു.
ക്ഷേത്രോപദേശക സമിതി കോടതി വിധി ലംഘിച്ചാല്‍ കൃത്യമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം ദേവസ്വം വിജിലന്‍സ് എസ്പിയേക്കൊണ്ട് അന്വേഷിക്കാന്‍ തീരുമാനിച്ചു. അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ട് തീരുമാനമെടുക്കും. ദേവസ്ഥാനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടി പാടില്ലെന്നും പ്രശാന്ത് പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലാണ് കടയ്ക്കല്‍ ദേവീ ക്ഷേത്രം. മാര്‍ച്ച് 10ന് ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഗായകന് അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയിലാണ് പാര്‍ട്ടി ഗാനം ആലപിച്ചത്. പ്രചരണ ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്ഐയുടെ കൊടിയും സിപിഐഎമ്മിന്റെ ചിഹ്നവുമുണ്ടായിരുന്നു. ഗാനം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനവുമുയര്‍ന്നിരുന്നു.