നെടുങ്കണ്ടം ഡീലേഴ്സ് കോപ്പറേറ്റിവ് ബാങ്കില്‍ നാലര കോടി രൂപ തട്ടി; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലൻസ് കേസ്
നെടുങ്കണ്ടം ഡീലേഴ്സ് കോപ്പറേറ്റിവ് ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ വിജിലൻസ് കേസ്. മുൻ ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ അടക്കം 13 പേര്‍ക്ക് എതിരെയാണ് കേസ് . ബാങ്കില്‍ നിന്ന് നാലര കോടി രൂപ തട്ടിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകരാണ് രംഗത്ത് വന്നത്. ചികിത്സക്കും വീട് വയ്ക്കാനും ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാത്ത സ്ഥിതിയാണ് ഇപ്പോളുള്ളത്. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഭരിക്കുന്ന ബാങ്കില്‍ അഞ്ചു ലക്ഷം മുതല്‍ മുപ്പത് ലക്ഷം രൂപ വരെ നിക്ഷേപിച്ച 150-ലധികം പേരാണ് ഇങ്ങനെ പ്രതിസന്ധിയിലായിരിക്കുന്നത്. ആവശ്യ സമയത്ത് ഇവര്‍ക്ക് പണം കിട്ടാതെ വന്നതോടെയാണ് അഴിമതി പുറത്തായത്.
ബാങ്ക് പ്രസിഡന്റ് ടോമി ജോസഫ് ,ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് അടക്കമുള്ളവരും പ്രതി പട്ടികയിലുണ്ട്.കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കാണ് നെടുങ്കണ്ടം ഇടുക്കി ജില്ലാ ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് സൊസൈറ്റി. 36 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആക്ഷേപം.