സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം
സീ പ്ലെയിന്‍ സര്‍വീസ് സംസ്ഥാനത്ത് യാഥാര്‍ഥ്യമാവാന്‍ പോവുന്നു.
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസിന് തിങ്കളാഴ്ചയാണ് തുടക്കമാകുന്നത്. 11ാം തിയതി തിങ്കളാഴ്ച കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ 9.30ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും.
ഉഡാന്‍ റീജണല്‍ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് ഈ പദ്ധതി. ഇതിന്റെ ഭാഗമായി കേരളത്തിലെത്തുന്ന ഡി ഹാവ്ലാന്‍ഡ് കാനഡ എന്ന സീപ്ലെയിന്‍ ആണ് ഫ്ളാഗ് ഓഫ് ചെയ്യുന്നത്. ഫ്ളാഗ് ഓഫിനുശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്കാണ് സര്‍വീസ് നടത്തുക. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം നല്‍കും. ഞായറാഴ്ച പകല്‍ രണ്ടിനാണ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക.