ഇ ഡിക്ക് തിരിച്ചടി; ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇ ഡിയുടെ ഹർജി സുപ്രീം കോടതി തള്ളി. ഇ ഡിയുടെ ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ അനിവാര്യമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ബംഗളൂരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ നല്കിയ ഹർജിയില്‍ ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.
വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചെന്ന കേസില്‍ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞയാഴ്ച ചോദ്യം ചെയ്തു. രാവിലെ 11 മുതല്‍ രാത്രി എട്ടുവരെ ചോദ്യം ചെയ്യല്‍ നീണ്ടു. ചോദ്യം ചെയ്യലിനെക്കുറിച്ച് ‘ഇ ഡിയോട് ചോദിക്കൂ” എന്നായിരുന്നു അന്ന് തിരിച്ചിറങ്ങിയ ശേഷം ബിനീഷിന്റെ പ്രതികരണം. ബിനീഷിന് പങ്കാളിത്തമുള്ള ചില കമ്ബനികള്‍ നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. ഓഹരിയായും നിക്ഷേപമായും ചില കമ്ബനികള്‍ക്ക് വിദേശത്തു നിന്നുള്‍പ്പെടെ പണം ലഭിച്ചത് നിയമം ലംഘിച്ചാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ അന്വേഷണം.
2021 ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ സുപ്രീം കോടതിയെ സമീപിച്ചത്.