‘ചില സ്ത്രീകളുടെ ആത്മഹത്യക്ക് കാരണം ലൈംഗികാതിക്രമം, ബാലതാരമായിരിക്കെ എനിക്കും അനുഭവമുണ്ടായിട്ടുണ്ട്’ കുട്ടി പത്മിനി
തമിഴ് സീരിയൽമേഖലയിലെ ലൈംഗികചൂഷണത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി മുതിർന്ന നടിയും നിർമാതാവുമായ കുട്ടി പത്മിനി. ലൈംഗികാതിക്രമം നേരിട്ടതിനെത്തുടർന്ന് തമിഴ് സീരിയൽമേഖലയിൽ ഒട്ടേറെ സ്ത്രീകൾ ജീവനൊടുക്കിയെന്നാണ് പത്മിനി പറയുന്നത്. ഡോക്ടർമാരുടെയും അഭിഭാഷകരുടെയും ഐ.ടി.ക്കാരെയും പോലെയുള്ള തൊഴിൽമേഖലയാണ് സിനിമയും.
എന്നിട്ടും ഇവിടെമാത്രം മാംസക്കച്ചവടമായി മാറുന്നത് എന്ത് കൊണ്ടാണ്. സംവിധായകരും സാങ്കേതികപ്രവർത്തകരും സീരിയൽ നടിമാരോട് ലൈംഗികാവശ്യം ഉന്നയിക്കുന്നുണ്ട്. പല സ്ത്രീകളും ദുരനുഭവങ്ങൾ പരാതിപ്പെടാൻ മടിക്കുന്നത് അതു തെളിയിക്കാനുള്ള കഷ്ടപ്പാട് കൊണ്ടാണ്. എങ്ങനെയാണ് തെളിവുനൽകാനാവുക. സി.ബി.ഐ. ചെയ്യാറുള്ളതുപോലെ നുണപരിശോധന നടത്തണോ.
എല്ലാം സഹിക്കാൻ തയ്യാറാകുന്നവർക്ക് മെച്ചപ്പെട്ട സാമ്പത്തികനേട്ടം ഉണ്ടാക്കാവുന്ന മേഖലയാണ് സിനിമയും സീരിയലും. അവർ കരിയർ മെച്ചപ്പെടുത്തുന്നതിനായി എല്ലാം സഹിച്ചുനിൽക്കുകയാണ്. ബാലതാരമായിരിക്കെ ഹിന്ദി സിനിമാ സെറ്റിൽ വെച്ച് എനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അമ്മ ഈ വിവരം പുറത്തു പറഞ്ഞതോടെ സിനിമയിൽ നിന്ന് ഒഴിവാക്കി.
അക്രമങ്ങൾക്കുനേരേ ശബ്ദമുയർത്തുന്നവർക്ക് തടയിടാനാണ് എതിരാളികൾ എന്നും ശ്രമിക്കുന്നത്. തമിഴ് സിനിമ, സീരിയൽ രംഗത്തെ ലൈംഗികപീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ ചിന്മയിക്കും ശ്രീറെഡ്ഡിക്കും നേരിടേണ്ടി വന്ന വിലക്കുകൾ ഭീകരമായിരുന്നു. നടൻ രാധാരവിക്കെതിരേ ആരോപണമുന്നയിച്ചവരെ പിന്തുണച്ച ചിന്മയിക്ക് സിനിമ, സീരിയൽ രംഗത്തെ സംഘടനകളിൽ അംഗത്വം പുതുക്കിനൽകിയില്ല. ശ്രീ റെഡ്ഡിക്കും ഇതേ അവസ്ഥയാണ് ഉണ്ടായത്.