നേമത്തെ കട്ടിൽ കണ്ട് രാജീവ് ചന്ദ്രശേഖർ പനിക്കേണ്ട; ശിവൻകുട്ടി തന്നെ അടുത്ത തവണയും മത്സരിക്കും, അകൗണ്ട് തുറപ്പിക്കില്ല
ഇനി നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മന്ത്രി വി ശിവന്‍കുട്ടിയെ തന്നെ രംഗത്ത് ഇറക്കാനാണ് സിപിഎം പ്ലാൻ ചെയ്യുന്നത്. അവിടെ ബിജെപിയെ പ്രതിരോധിക്കാന്‍ ശിവന്‍കുട്ടി തന്നെ മത്സരരംഗത്തിറങ്ങണമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ശിവന്‍കുട്ടിക്ക് മത്സരിക്കാന്‍ തടസങ്ങളില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് മാധ്യമങ്ങളോട് പറയുകയും ചെയ്തു. തുടര്‍ച്ചയായി രണ്ട് ടേം പൂര്‍ത്തിയായാല്‍ മാത്രമേ മത്സര രംഗത്ത് നിന്നും മാറേണ്ടതുള്ളൂ. നേമത്ത് ശിവന്‍കുട്ടിക്ക് നല്ല സ്വാധീനമുണ്ടെന്നും വി ജോയ് വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ബിജെപിക്ക് തുറക്കാൻ കഴിയാത്ത വിധം നേമത്തെ സീറ്റ് പൂട്ടിയെന്നാണ് നേരത്തെ ശിവൻകുട്ടി പ്രഖ്യാപിച്ചത്. നേമം മണ്ഡലത്തിൽ നിന്ന് താൻ മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ സ്വയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ശിവൻകുട്ടിയുടെ ഈ പരാമർശം ഉണ്ടായത്.
കേരളത്തിൽ ബിജെപി ഇതുവരെ വിജയിച്ച ഒരേയൊരു നിയമസഭാ മണ്ഡലമാണ് നേമം. 2016ൽ മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാലാണ് നേമത്ത് നിന്ന് ബിജെപിക്ക് വേണ്ടി വിജയക്കൊടി ഉയർത്തിയത്. അതിനു ശേഷം 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ വി ശിവൻകുട്ടിയോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് കേരള നിയമസഭയിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കെട്ടിയത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷമുള്ള ആദ്യ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നലെ നടന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലന്ന് തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ. സർക്കാരിനോടുള്ള എതിർപ്പല്ല, മറ്റു ഘടകങ്ങളാണ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചത്. എതിർപ്പുകളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചു വരാനാകുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ.
ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണ കൊള്ളയും ഉൾപ്പെടെ തിരിച്ചടി ആയിട്ടുണ്ട് എന്നതാണ് നേതാക്കൾക്കിടയിലെ വികാരം. ജില്ലകൾ തിരിച്ചുള്ള കണക്കുകളാണ് സിപിഎം , സിപിഐ നേതൃയോഗങ്ങൾ വിലയിരുത്തുന്നത്. സ്ഥാനാർത്ഥിനിർണയം തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും പാളിയെന്ന് സിപിഎമ്മിനുള്ളിൽ അഭിപ്രായമുണ്ട്. സാമുദായിക സമവാക്യങ്ങൾ പാലിക്കാതെയാണ് പലയിടത്തും സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നും സിപിഐക്കുള്ളിലും വിമർശനമുണ്ട്.
ഇന്ന് എല്‍ഡിഎഫ് യോഗവും ചേരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഏത് രീതിയില്‍ മുന്നണി മുന്നോട്ട് പോകണമെന്നതായിരിക്കും എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയാവുക.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കര്ട്ടന് റെയ്സറായി കണക്കാക്കുന്ന തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് തിരിച്ചടിയായിരുന്നു. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും കോര്‍പ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയത്.












